കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതിയുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പാതിവഴിയിൽ നിൽക്കെ, പദ്ധതിക്കായി പ്രവർത്തിച്ചിരുന്ന രണ്ട് ലാൻഡ് അക്വിസിഷൻ ഓഫിസുകൾ അടച്ചുപൂട്ടാൻ റവന്യു വകുപ്പ് ഉത്തരവിട്ടു. കെബിഐസി ഡപ്യൂട്ടി കലക്ടർ (എൽഎ) ഓഫിസ്, കെബിഐസി സ്പെഷൽ തഹസിൽദാർ (എൽഎ) ഓഫിസ് എന്നിവയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ആദ്യ ഓഫിസിലെ 6 തസ്തികകളും രണ്ടാമത്തെ ഓഫിസിലെ 13 തസ്തികകളും റദ്ദാക്കുകയും ഇവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ മറ്റ് ഓഫീസുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്യും. പദ്ധതിക്കായി സമാന്തരമായി പ്രവർത്തിച്ചു തുടങ്ങിയ കിൻഫ്ര ലാൻഡ് അക്വിസിഷൻ ഓഫിസ് തുടർന്നും പ്രവർത്തനക്ഷമമായിരിക്കും.
അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പൂർണ്ണ ചുമതല ഇനി ഈ ഓഫിസിനായിരിക്കും. ശമ്പള പ്രതിസന്ധി
കഴിഞ്ഞ വർഷം നവംബറിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
നടപടികൾ നീണ്ടതോടെ ഈ വർഷം ഫെബ്രുവരി വരെ ഓഫിസുകളുടെ കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, തുടർാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ നാല് മാസമായി 19 ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
ഓഫിസ് പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും ജീവനക്കാരുടെ കുടിശ്ശിക ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടില്ല. പെട്ടെന്നുള്ള ഈ തീരുമാനം ജീവനക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പുതുശ്ശേരി വെസ്റ്റിലെ 240 ഏക്കർ
പദ്ധതിക്കായി ഇനി ഏറ്റെടുക്കാനുള്ളത് പുതുശ്ശേരി വെസ്റ്റ് വില്ലേജിനു കീഴിലുള്ള 240 ഏക്കർ ഭൂമിയാണ്. ഈ നടപടികൾ കിൻഫ്ര ലാൻഡ് അക്വിസിഷൻ ഓഫിസ് വഴി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി.
പദ്ധതിയുടെ നിലവിലെ പുരോഗതി
പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി പദ്ധതിക്കായി ഇതിനകം 1380 ഏക്കർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇതിൽ പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 1068 ഏക്കറും കണ്ണമ്പ്രയിലെ 312 ഏക്കറും ഉൾപ്പെടുന്നു.
ആകെ 1620 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള 240 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്.
പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും സംയുക്തമായി രൂപീകരിച്ച കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് വ്യവസായ ഇടനാഴിയുടെ ഏകോപനം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

