ആലപ്പാട് തീരപ്രദേശത്ത് കടലിൽനിന്ന് ഒഴിഞ്ഞ ഇരുമ്പ് വീപ്പകൾ ഒഴുകിയെത്തിയ സംഭവം പ്രദേശവാസികളിലും മത്സ്യത്തൊഴിലാളികളിലും വലിയ ആശങ്ക ഉണർത്തി. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപമുള്ള മൈലാടുംകുന്ന് ഭാഗത്തെ കടൽഭിത്തിയിലാണ് ഇന്നലെ രാവിലെ 6 മണിയോടെ വീപ്പകൾ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചു.
ഇതിനെത്തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് തീരദേശ പോലീസിന്റെ സഹായത്തോടെ വീപ്പകൾ കരയിലേക്ക് മാറ്റുകയും ചെയ്തു. പരിശോധനയിൽ ഇവ ഒഴിഞ്ഞ അവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം കടലിൽ കപ്പൽ അപകടമുണ്ടായതിനെ തുടർന്ന് കണ്ടെയ്നറുകളിൽ നിന്നുൾപ്പെടെയുള്ള നിരവധി വസ്തുക്കൾ ആലപ്പാട് തീരത്ത് അടിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കണ്ടെയ്നറിന്റെ ലോഹ അവശിഷ്ടങ്ങൾ കുടുങ്ങിയതും ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ വീപ്പകളും കണ്ടെത്തിയത്. തീരമേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

