കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ആക്രമണം നടന്നത് കുവൈത്ത് വിമാനത്താവളത്തിലല്ലെന്നും, മറിച്ച് അമേരിക്കൻ സേനാ കോപ്റ്ററുകൾ വിന്യസിച്ചിരിക്കുന്ന വ്യോമതാവളമാണ് ലക്ഷ്യമിട്ടതെന്നും ഇറാൻ വാദിക്കുന്നു.
തങ്ങളുടെ ‘ഷഹീദ്’ ഡ്രോണുകൾക്ക് വെളുത്ത നിറമാണെന്നും, എന്നാൽ കുവൈത്തിൽ പതിച്ചത് യുഎസ് ‘ആർക്യു 170 സെന്റിനൽ’ ഡ്രോണുകളോട് സാമ്യമുള്ള കറുത്ത ഡ്രോണുകളാണെന്നുമാണ് ഇവരുടെ വിശദീകരണം. എന്നാൽ, ഇറാന്റെ ഈ വാദത്തെ അമേരിക്കൻ അധികൃതർ പൂർണമായും തള്ളി.
ഈ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട
മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി നേരിട്ടെത്തി സന്ദർശിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കുവൈത്ത് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ മേൽക്കൂര തകർത്ത് ഡ്രോൺ ഉള്ളിലേക്ക് പതിക്കുന്നതും, പരിഭ്രാന്തരായ യാത്രക്കാർ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കുവൈത്ത് വിമാനക്കമ്പനികളും ബുധനാഴ്ച വൈകിട്ടോടെ സർവീസുകൾ വീണ്ടും ആരംഭിച്ചു.
അതിനിടെ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം കർശന നിർദേശം നൽകി. നിലവിൽ ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ എംബസിയുടെ സഹായത്തോടെ എത്രയും വേഗം രാജ്യം വിടണമെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ 2557 ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

