പനാമ സിറ്റി: യു.എസിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതിന് പിന്നാലെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (ബി.ആർ.ഐ) നിന്ന് പിന്മാറി പനാമ. കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് ജോസ് റൗൾ മുലീനോ അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിത്. ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ബി.ആർ.ഐ.
പദ്ധതിയിൽ നിന്ന് പിന്മാറിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് പനാമ. 2017ലാണ് പനാമ പദ്ധതിയുടെ ഭാഗമായത്. വരുന്ന ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കരാർ പുതുക്കേണ്ടതായിരുന്നു. എന്നാൽ കരാർ നേരത്തെ അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുലീനോ വ്യക്തമാക്കി.
കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ പനാമയിൽ ചൈനീസ് നിക്ഷേപം ഉയർന്നിരുന്നു. പനാമയിൽ ചൈനീസ് സ്വാധീനം വളരുന്നതിനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു. പനാമ കനാൽ യു.എസ് തിരിച്ചെടുക്കുമെന്ന് അധികാരത്തിലേറിയതിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കനാലിന്റെ നിയന്ത്രണം ചൈനീസ് കരങ്ങളിലാണെന്ന് ട്രംപ് പറയുന്നു. പനാമ കനാലിന്റെ രണ്ട് അറ്റത്തായുള്ള ക്രിസ്റ്റോബൽ,ബൽബോവ പോർട്ടുകളുടെ നിയന്ത്രണം കരാറടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുന്നത് ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹറ്റ്ചിസൺ പോർട്ട്സാണ്. 1914ൽ യു.എസാണ് കനാൽ നിർമ്മിച്ചത്.
1999ലാണ് കനാലിന്റെ നിയന്ത്റണം യു.എസ് പൂർണമായും പനാമ സർക്കാരിന് വിട്ടുനൽകിയത്. ആഭ്യന്തര സംഘർഷമോ വിദേശ ശക്തിയോ കനാലിന്റെ നിഷ്പക്ഷതയ്ക്ക് ഭീഷണി സൃഷ്ടിച്ചാൽ ഇടപെടാനുള്ള അവകാശം യു.എസിനുണ്ടെന്ന് ഇരുരാജ്യങ്ങളും തമ്മിലെ ഉടമ്പടിയിൽ പറയുന്നു.