
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുവൈത്ത് സിറ്റി- കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സ്വബാഹ് അൽസാലിം അൽസ്വബാഹിനെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽജാബിർ അൽസ്വബാഹ് ഉത്തരവിറക്കി. പുതിയ മന്ത്രിസഭാംഗങ്ങളെ നാമനിർദേശം ചെയ്യാനും നിയുക്ത പ്രധാനമന്ത്രിയെ അമീർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് കുവൈത്ത് പാർലമെന്റിനു മുന്നിൽ പുതിയ അമീർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മുൻ പ്രധാനമന്ത്രി ശൈഖ് അഹ് മദ് നവാഫ് അൽസ്വബാഹ് അമീറിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു. പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതു വരെ ദൈനംദിന ഭരണ കാര്യങ്ങളുടെ ചുമതല പഴയ ഗവൺമെന്റിനെ അമീർ ഏൽപിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സ്വബാഹ് അൽസാലിം 1955 ൽ ആണ് ജനിച്ചത്.
കാലിഫോർണിയയിലെ ക്ലെയർമണ്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബാച്ചിലർ ബിരുദവും ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കുവൈത്ത് യൂനിവേഴ്സിറ്റിയിൽ ലെക്ചററായും പ്രൊ ഫസറായും സേവനമനുഷ്ഠിച്ച ശൈഖ് ഡോ.മുഹമ്മദ് അൽ സ്വബാഹിനെ 1993 ൽ അമേരിക്കയിലെ കുവൈത്ത് അംബാസഡറായി നിയമിച്ചു.
2011 ഫെബ്രുവരി 14 വരെ ഈ പദവിയിൽ തുടർന്നു. 2003 ജൂലൈ 14 ന് വിദേശ മന്ത്രിയായും ആക്ടിംഗ് സാമൂഹിക, തൊഴിൽ മന്ത്രിയായും നിയമിച്ചു. 2006 ഫെബ്രുവരി ഒമ്പതിന് ഉപപ്രധാനമന്ത്രിയായും നിയമിതനായി. 2006 ജൂലൈ, 2007 മാർച്ച്, 2007 ഒക്ടോബർ, 2008 മെയ് മാസങ്ങളിൽ നടത്തിയ മന്ത്രിസഭാ പുനഃസംഘടനകളിൽ ഇതേ പദവികളിൽ വീണ്ടും നിയമിതനായി. 2009 ജനുവരി 12 ന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും ആക്ടിംഗ് എണ്ണ മന്ത്രിയായും നിയമിതനായി.
2009 മെയ് 29 ന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും 2011 മെയ് എട്ടിന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും നിയമിക്കപ്പെട്ടു. 2011 ഒക്ടോബർ വരെ ഈ പദവികളിൽ തുടർന്നു. ഇപ്പോൾ പുതിയ പ്രധാനമന്ത്രിയായും ശൈഖ് ഡോ.മുഹമ്മദ് സ്വബാഹ് അൽസാലിം അൽസ്വബാഹ് നിയമിതനായിരിക്കുന്നു.