

First Published Jan 4, 2024, 4:03 PM IST
ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം തീര്‍ച്ചയായും നമ്മെ ഏറെ ഭയപ്പെടുത്തുന്നൊരു പ്രതിസന്ധി തന്നെയാണ്. ഹൃദയാഘാതം പലപ്പോഴും ജീവിതത്തിലേക്ക് തിരികെ വരാനുള്ള അവസരം പോലും നിഷേധിക്കാറുണ്ട് എന്നതാണ് ഈ പേടിയുടെ ആധാരം. നേരത്തേ സൂചനകളൊന്നും തരാതെ ഹൃദയാഘാതത്തിന് കീഴടങ്ങിയിട്ടുള്ളവരും അനവധിയാണ്.
ഇപ്പോഴിതാ തീവ്രമായ ഹൃദയാഘാതത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നടൻ ശ്രേയസ് തല്‍പഡെ തന്റെ അനുഭവം വിവരിക്കുകയാണ്. ശരിക്കും മരിച്ചുജീവിച്ച് വന്നിരിക്കുകയാണെന്നാണ് ഇതെക്കുറിച്ച് നടൻ ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ മാസമാണ് വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവെ വര്‍ക്കൗട്ടിനിടെ നാല്പത്തിയേഴുകാരനായ ശ്രേയസിന് ഹൃദയാഘാതം സംഭവിക്കുന്നത്. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ ശ്രേയസ് കുഴഞ്ഞുവീണിരുന്നു. ശേഷം മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഏതാനും മണിക്കൂറുകളായിരുന്നു.
‘ശരിക്ക് ഞാൻ മരണത്തോളം എത്തിയിരുന്നു. ഡോക്ടര്‍മാര്‍ സിപിആര്‍ നല്കി, ഇലക്ട്രിക്കല്‍ ഷോക്ക് തന്നു. അങ്ങനെയാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ഇത് എനിക്ക് രണ്ടാം ജന്മമാണ്. കഴിഞ്ഞ 28 വര്‍ഷമായി കരിയറില്‍ തന്നെയായിരുന്നു എന്റെ ശ്രദ്ധ. നമ്മള് നമ്മളെ ചൊല്ലിയും കുടുംബത്തെ ചൊല്ലിയുമെല്ലാം അശ്രദ്ധയിലായിരിക്കും. നമുക്ക് സമയമുണ്ടെന്ന് നമ്മള് ചിന്തിക്കും…’- ശ്രേയസ് പറയുന്നു.
വല്ലപ്പോഴും മാത്രം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന അത്രയും ചെറിയ ദുശീലം മാത്രമാണ് ശ്രേയസിനുള്ളത്. ആരോഗ്യകരമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം മുടങ്ങാതെ കൊണ്ടുപോകുന്ന വ്യക്തിയാണ് ശ്രേയസ്. മുമ്പൊരിക്കലും ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ട അവസ്ഥ പോലും വന്നിട്ടില്ലത്രേ. എന്നാല്‍ അടുത്ത കാലത്തായി കൊളസ്ട്രോള്‍ അധികമായിരുന്നു. കുടുംബത്തിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പാരമ്പര്യമായി കണ്ടുവന്നിരുന്നു.
‘വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് ശ്വാസംമുട്ടുന്നതായി തോന്നി. ഉടനെ തന്നെ ഇടതുകയ്യില്‍ വല്ലാത്ത വേദനയും വന്നു. എഴുന്നേറ്റ് കാരവാനിലേക്ക് നടക്കാനോ അകത്തുകയറി വസ്ത്രം മാറാനോ പോലും വയ്യാത്ത നിലയിലായിരുന്നു. ആക്ഷൻ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നതിനാല്‍ മസില് പിടിച്ചതാണ് എന്നാണ് ഞാനോര്‍ത്തത്. പക്ഷേ ഇങ്ങനെയൊരു തളര്‍ച്ച മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. ആശുപത്രിയിലേക്കും പോകുന്ന വഴി തന്നെ എനിക്ക് ബോധം നഷ്ടമാവുകയും ചെയ്തു…’- ശ്രേയസ് പറയുന്നു.
ഹൃദയാഘാതം ലക്ഷണങ്ങളോടെ വരികയാണെങ്കില്‍ ശ്രേയസിന്റെ കേസിലേത് പോലെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ സാധിക്കും. എങ്കില്‍പോലും രക്ഷപ്പെടുകയെന്നത് നമുക്ക് പ്രവചിക്കാൻ സാധിക്കുന്ന കാര്യമല്ല. അസാധാരണമായ ക്ഷീണം, നെഞ്ചില്‍ അസ്വസ്ഥത, നെഞ്ച് വേദന, ഇടതുകയ്യില്‍ വേദന, കീഴ്ത്താടിയിലും മുതുകിലും വേദന, നെഞ്ചില്‍ കനം വച്ചതുപോലുള്ള അനുഭവം, ശ്വാസതടസം, അമിതമായ വിയര്‍പ്പ്, ഓക്കാനം, തലകറങ്ങി വീഴുന്ന അവസ്ഥ എന്നിവയെല്ലാമാണ് പ്രധാനമായും ഹൃദയാഘാത ലക്ഷണമായി വരുന്നത്.
പാരമ്പര്യമായി ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരാണെങ്കില്‍ ഇടവിട്ട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. അതോടൊപ്പം ബിപി, കൊളസ്ട്രോള്‍, പ്രമേഹം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുള്ളവരും ഏറെ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 4, 2024, 4:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]