തന്റെ വിഷാദകാലത്ത് ജീവിതത്തിലേക്ക് തിരികെ വരാനും സമാധാനത്തോടെ ഉറങ്ങാനും തനിക്ക് തുണയായത് ഗായിക അഞ്ജു ജോസഫിന്റെ ഒരു ഗാനമാണെന്ന് വെളിപ്പെടുത്തി നടി ശ്രുതി രജനീകാന്ത്. തന്റെ സംരംഭമായ ‘ദ പെർഫ്യൂം പ്രൊജക്ടിൽ’ അതിഥികളായി എത്തിയ അഞ്ജു ജോസഫും ഭർത്താവ് ആദിത്യയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശ്രുതി ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരിൽ കാണുമ്പോൾ ഇക്കാര്യം പറയാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ആ കൂടിക്കാഴ്ചയിൽ അത് പറയാൻ മറന്നുപോയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ശ്രുതി രജനീകാന്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം: ”2019 മുതല്‍ നിങ്ങളെ ഒന്ന് നേരിട്ട് കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു.
എന്നാല്‍ അവസാനം നേരിട്ട് കണ്ടപ്പോൾ എന്തിനാണ് കാണാന്‍ ആഗ്രഹിച്ചതെന്ന് പറയാന്‍ ഞാന്‍ മറന്നുപോയി. നിങ്ങളൊരു ഗായികയായതിലും നിങ്ങളുടെ ശബ്ദം എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ സഹായിച്ചതിലും ഞാന്‍ എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്.
ആ സമയത്ത് ഞാന്‍ കടുത്ത വിഷാദരോഗത്തിലൂടെ കടന്നുപോവുകയായിരുന്നു. 2019-ല്‍ അഞ്ജു പുറത്തിറക്കിയ ‘മേലെ മേലെ മാനം’ എന്ന കവര്‍ സോങ് ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സമാധാനമായി ഉറങ്ങാനും സഹായിച്ചത്.
ആ പാട്ടിനോട് എനിക്ക് എന്നും കടപ്പാടുണ്ട്. ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഉള്ളിലെന്തോ ഒന്ന് സുഖപ്പെടുന്നതായി തോന്നും.
നമ്മള് കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നേരിട്ട് ഇത് പറയാന്‍ കഴിഞ്ഞില്ല, എങ്കിലും വളരെ നന്ദി.പിന്നെ ആദിത്യ ചേട്ടാ, അഞ്ജുവിലൂടെ മാത്രമാണ് എനിക്ക് ചേട്ടനെ അറിയാവുന്നത്. നിങ്ങളിരുവരും വിവാഹിതരായി ഒരുമിച്ച് ജീവിക്കുന്നത് കണ്ടപ്പോള്‍ എന്റെ ഉള്ളിലെ എന്തോ ഒന്ന് സുഖപ്പെട്ടു.
നിങ്ങള്‍ രണ്ടുപേര്‍ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ”. നടികുറിപ്പിന് താഴെ മറുപടിയുമായി ഗായിക അഞ്ജു ജോസഫും എത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

