സംവിധായകൻ അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’ എന്ന സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തുവന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ട്രെയിലർ.
ചിത്രം നവംബർ 19-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ വിവിധ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ശറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി തുടങ്ങിയ താരങ്ങളുടെ ലുക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. 2012-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘ബാച്ച്ലർ പാർട്ടി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി, 14 വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം എത്തുന്നത്.
റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമാ പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു കൾട്ട് ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ ആസ്വാദകർക്കുള്ളത്.
ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് ഡുഎക്സ് (D’EUX) എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിലെ മുൻനിര താരങ്ങളെയും യുവനിരയിലെ പ്രമുഖരെയും ഒരുപോലെ അണിനിരത്തിയാണ് അമൽ നീരദ് ഈ ചിത്രം ഒരുക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – അപ്പു പ്രഭാകർ, എഡിറ്റർ – വിവേക് ഹർഷൻ, സംഗീതം – ക്രിസ്റ്റോ സേവ്യർ, സംഭാഷണം – ഉണ്ണി ആർ, സൗണ്ട് ഡിസൈൻ – തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, ഗാനരചന – റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ.
പിആർഒ – ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

