സംസ്ഥാനത്ത് സിയാൽ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) പുതിയ വ്യവസായ സംരംഭത്തിന് കളമൊരുങ്ങുന്നു. ബജറ്റിൽ പ്രഖ്യാപിച്ച തൃശൂർ ജ്വല്ലറി പാർക്കാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ മാതൃകയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ ജ്വല്ലറി പാർക്ക് പ്രഖ്യാപിച്ചത്. കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായ മേഖലയായി വളർത്തുകയും സംസ്ഥാനത്തെ ഇന്ത്യയുടെ ഗോൾഡ് ഹബ്ബാക്കി മാറ്റുകയുമാണ് ഈ ബൃഹത് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിക്കായി കേരളത്തിലെ സ്വർണ വ്യാപാരികൾ ജ്വല്ലറി പാർക്കിൽ മൂന്നിലൊന്ന് ഓഹരി പങ്കാളിത്തം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, ദുബായിൽ സാന്നിധ്യമുള്ള ചില പ്രമുഖ കമ്പനികളും ഓഹരി പങ്കാളിത്തത്തിൽ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പൊതുജനങ്ങൾക്കും പ്രവാസികൾക്കും ഇതിൽ ഓഹരി പങ്കാളികളാകാൻ അവസരമുണ്ടാകും. സർക്കാരും ഇതിലൊരു ഓഹരി വിഹിതം വഹിക്കും.
സ്വർണപ്പാർക്ക് പ്രവർത്തനമാരംഭിച്ച് ലാഭത്തിലേക്ക് കടക്കുമ്പോൾ ഓഹരി ഉടമകൾക്ക് കൃത്യമായ ലാഭവിഹിതം സ്വന്തമാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൺസൽട്ടൻസി നിയമനം ഉടൻ
പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
പദ്ധതിയുടെ പ്രായോഗികതയും സാധ്യതകളും പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു കൺസൽട്ടൻസിയെ നിയോഗിച്ചേക്കുമെന്നാണ് സൂചന. 30 ഏക്കർ സ്ഥലവും 2000 കോടി നിക്ഷേപവും
നടപ്പു സാമ്പത്തികവർഷം തന്നെ പദ്ധതിയുടെ രൂപരേഖ തയാറാക്കി തറക്കല്ലിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് ഘട്ടംഘട്ടമായി പാർക്കിന്റെ പ്രവർത്തനം ആരംഭിക്കുകയും മൂന്ന് വർഷത്തിനകം പൂർണ സജ്ജമാകുകയും ചെയ്യും. ഏകദേശം 2000 കോടി രൂപയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി 30 ഏക്കർ സ്ഥലമാണ് ആവശ്യമായി വരുന്നത്.
ഒറ്റക്കുടക്കീഴിൽ സ്വർണ വ്യവസായം
പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ സംരംഭം യാഥാർഥ്യമായാൽ ആഭരണ നിർമാണം, ഡിസൈൻ, റിഫൈനിങ്, ഹോൾമാർക്കിങ്, പരിശോധന, പാക്കേജിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങി സ്വർണാഭരണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരൊറ്റ സ്ഥലത്ത് ഏകോപിപ്പിക്കാൻ സാധിക്കുമെന്ന് കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ പറഞ്ഞു.
സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാരികളെല്ലാം തന്നെ വലിയ അനുഭാവത്തോടെയാണ് ഈ പദ്ധതിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24,000 പേർക്ക് തൊഴിൽ അവസരം
ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ ഏകദേശം 24,000 പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.
ഇതിനു പുറമെ പരോക്ഷമായും ഒട്ടേറെപേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പാർക്ക് നിർമ്മിക്കാൻ പ്രധാനമായും ഉദ്ദേശിക്കുന്നത് തൃശൂരിലാണെങ്കിലും അങ്കമാലി-കൊരട്ടി-തൃശൂർ മേഖലയും ഇതിനായി പരിഗണനയിലുണ്ട്.
അതിനാൽ തന്നെ പദ്ധതിയുടെ ഭാഗഭാഗാമാകാനുള്ള ഭാഗ്യം അങ്കമാലിക്കും ലഭിച്ചേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

