
ഇനിയെത്രനാൾ? യുദ്ധ വിമാനം തിരുവനന്തപുരത്ത് തുടരുന്നതിൽ ബ്രിട്ടനിൽ ചർച്ച; ആശങ്കയില്ലെന്ന് മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ബ്രിട്ടിഷ് നേവിയുടെ എഫ് 35 ബി യുദ്ധവിമാനം സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാതെ തുടരുന്നത് ബ്രിട്ടനില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. പ്രതിപക്ഷകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ബെന്‍ ഒബേസ് ജെക്ടിയാണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്. പോര് വിമാനം സുരക്ഷിതമാക്കാനും അറ്റകുറ്റപ്പണി തീര്‍ത്ത് തിരികെ കൊണ്ടുവരാനും എന്തു നടപടികളാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബെന്‍ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എത്രനാള്‍ വേണ്ടിവരും, ഹാങ്ങറിലേക്കു മാറ്റുമ്പോള്‍ വിമാനത്തിലെ സംരക്ഷിത സാങ്കേതികവിദ്യയുടെ സുരക്ഷ സര്‍ക്കാര്‍ എങ്ങനെ ഉറപ്പുവരുത്തും തുടങ്ങിയ ചോദ്യങ്ങളാണ് ബെന്‍ ഉയര്‍ത്തിയത്. വിമാനം യുകെയുടെ കര്‍ശന നിയന്ത്രണത്തിലാണെന്ന് ബ്രിട്ടിഷ് ആംഡ് ഫോഴ്സ് മന്ത്രി ലൂക്ക് പൊള്ളാര്‍ഡ് മറുപടി നല്കി. അടിയന്തരഘട്ടത്തില്‍ ഇന്ത്യന്‍ അധികൃതര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. റോയല്‍ എയര്‍ഫോഴ്സ് സേനാംഗങ്ങള്‍ വിമാനത്തിനൊപ്പം ഉള്ളതിനാല്‍ സുരക്ഷയില്‍ ഒരു തരത്തിലുള്ള ആശങ്കയും ഇല്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കാന്‍ ഓരോ ദിവസവും വൈകുന്നത് ബ്രിട്ടിഷ് റോയല്‍ നേവിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ശത്രുവിന്റെ മണ്ണില്‍ വച്ചാണ് ഇത്തരത്തില്‍ സംഭവിച്ചിരുന്നതെങ്കില്‍ ഇത്രയേറെ സമയമെടുക്കാന്‍ കഴിയുമായിരുന്നോ എന്നും അവര്‍ ചോദിക്കുന്നു. അറ്റകുറ്റപ്പണി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സി-17 ഗ്ലോബ് മാസ്റ്റര്‍ ചരക്കുവിമാനം എത്തിച്ച് എഫ് 35 ബി എയര്‍ലിഫ്റ്റ് ചെയ്യുക എന്നതാണ് റോയല്‍ നേവിക്കു മുന്നിലുള്ള അവസാനവഴി.
വിമാനം അറ്റകുറ്റപ്പണികള്‍ക്കായി ഹാങ്ങറിലേക്കു മാറ്റുന്ന കാര്യം യുകെ അംഗീകരിച്ചുവെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന് ബിബിസിയോടു പ്രതികരിച്ചു. യുകെ എന്‍ജിനീയറിങ് സംഘം ഉപകരണങ്ങളുമായി എത്തിയ ശേഷം ഹാങ്ങറിലേക്കു മാറ്റും. അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കി വിമാനം തിരികെ യുകെയില്‍ എത്തിക്കും. വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് ബ്രിട്ടിഷ് സംഘം ഇന്ത്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് ഹൈക്കമ്മിഷന് വ്യക്തമാക്കി.
ബ്രിട്ടിഷ് പോര് വിമാനം കേരളത്തില്‍ പെരുമഴ നനഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ യുകെയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഏറെ നാളുകള്‍ ആയതിനാല്‍ ജെറ്റിന് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ വാടകയായി കോഹിനൂര്‍ രത്നം ചോദിക്കണമെന്നാണ് ഒരു രസികന്റെ പോസ്റ്റ്.
വിമാനം പരിശോധിക്കാനുള്ള വിദഗ്ധസംഘം ബ്രിട്ടനില്‍നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നാല്പതംഗ സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായി പ്രത്യേകവിമാനത്തില്‍ എത്തുമെന്നാണ് അറിയിപ്പു ലഭിച്ചിരിക്കുന്നത്. നിലവില്‍ വിമാനം നിരീക്ഷിക്കാനായി ആറംഗ ബ്രിട്ടിഷ് സംഘമാണ് വിമാനത്താവളത്തില്‍ ഉള്ളത്.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന ബ്രിട്ടിഷ് നാവികസേനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് ജൂണ്‍ 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിനു ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തി. ലാന്‍ഡിങ് ഗിയര്‍, ബ്രേക്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ് ഹൈഡോളിക് സംവിധാനം. വിദഗ്ധര്‍ എത്തി പരിശോധിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്.