പഞ്ചാബ് രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിയൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുന്ന ഈ ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു. ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ നടത്തിയ പ്രസ്താവനയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പാർട്ടിയെക്കുറിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ അനുകൂല പരാമർശങ്ങൾ മടങ്ങിവരവിനുള്ള വഴിയൊരുക്കലായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബിജെപിയുടെ നിലവിലെ പ്രവർത്തന ശൈലിയോട് ക്യാപ്റ്റൻ അമരീന്ദർ സിംഗിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായി സഖ്യം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ബിജെപി നേതൃത്വം തള്ളിക്കളയുകയും, 117 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തത് ഭിന്നതയ്ക്ക് ആക്കം കൂട്ടി.
കൂടാതെ, തന്റെ സഹോദരൻ രൺധീർ സിംഗിന്റെ വിയോഗവേളയിൽ രാഹുൽ ഗാന്ധി നേരിട്ട് അനുശോചനം അറിയിച്ചപ്പോൾ, ബിജെപി നേതൃത്വത്തിൽ നിന്ന് സമാനമായ സമീപനം ഉണ്ടാകാതിരുന്നത് അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്ക് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ മടങ്ങിവരവ് പരിഹാരമാകുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
ഗുർദാസ്പൂർ എംപി സുഖ്ജീന്ദർ സിംഗ് രൺധാവ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി പ്രതികരിച്ചു.
പഴയ സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളെ രാഷ്ട്രീയ മടങ്ങിവരവായി കാണേണ്ടതില്ലെന്ന് പഞ്ചാബ് ബിജെപി വക്താവ് പ്രിത്പാൽ സിംഗ് ബലിയേവാൽ വ്യക്തമാക്കി. പരസ്യമായി മടങ്ങിവരവിനെ നിഷേധിച്ചിട്ടുണ്ടെങ്കിലും, 2002-ലും 2017-ലും കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച നേതാവെന്ന നിലയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഓരോ ചുവടുവെപ്പും ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

