നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം കർശനമാക്കുന്നു. ഇതിൻ്റെ ഭാഗമായി എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിൽ സേവനമനുഷ്ഠിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാരെ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് ചോദ്യം ചെയ്യും.
ഗിരീഷ്, ശ്രീകാന്ത് എന്നീ ഉദ്യോഗസ്ഥരോട് ആലപ്പുഴയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ ഓഫീസിൽ ഫയലുകൾ പരിശോധിക്കുന്ന ചുമതല ഇവർക്കായിരുന്നു.
കേസിലെ ഗൺമാന്മാർക്കെതിരെ തെളിവുകളില്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതതലത്തിൽ നിന്ന് സമ്മർദ്ദമുണ്ടായെന്ന ആരോപണം മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തിയിരുന്നു. ഈ സമ്മർദ്ദത്തിന് പിന്നിൽ എഡിജിപിയുടെ ഓഫീസിലെ ഈ ഉദ്യോഗസ്ഥരാണെന്നായിരുന്നു വെളിപ്പെടുത്തൽ.
സമ്മർദ്ദം മൂലമാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിലവിൽ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവർ.
ഇതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗൺമാന്മാരുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം തുടരുകയാണ്. ബുധനാഴ്ച നടന്ന കോടതി നടപടികളിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിലെ സാധുത സംബന്ധിച്ച് കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
കേസിനാസ്പദമായ സംഭവത്തിൻ്റെ ഫൊറൻസിക് റിപ്പോർട്ടുകളും, പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ ശനിയാഴ്ച വീണ്ടും വാദം കേൾക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

