കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിച്ചതിനെത്തുടർന്ന് പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ രംഗത്തെത്തി.
വിഷയത്തിൽ സമഗ്രമായ പുനരന്വേഷണം നടക്കണമെന്നും കുറ്റക്കാർ ആരാണെന്ന് നിയമത്തിന് മുന്നിൽ തെളിയണമെന്നുമാണ് അവർ വ്യക്തമാക്കിയത്. വടകരയിലെ തിരഞ്ഞെടുപ്പിൽ താൻ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും, മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തെ വടകര എം.പി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തു. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ച വിമർശനങ്ങൾ ഇങ്ങനെയാണ്: “കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് ‘കാഫിർ’ എന്ന വ്യാജ സ്ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.” നേരത്തെ പോലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു: “സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ലളിതവും ദുർബലവുമായ വാദമുയർത്തി മുൻപ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടി തികച്ചും പ്രതിഷേധാർഹമായിരുന്നുവെന്നും യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സിപിഎം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിടുകയും തടസപ്പെടുത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

