സ്വിറ്റ്സർലൻഡിലെ മഞ്ഞുമൂടിയ കൊടുമുടികളുടെയും സമൃദ്ധമായ താഴ്വരകളുടെയും സൗന്ദര്യം സ്വപ്നം കാണുന്നവർക്ക് ഒരു സന്തോഷ വാർത്ത. ചെലവേറിയ വിമാന ടിക്കറ്റുകളെക്കുറിച്ചും ദീർഘ യാത്രകളെ കുറിച്ചുമുള്ള ആശങ്കകൾ മറന്നേക്കൂ.
പ്രകൃതി സൗന്ദര്യത്തിൽ സ്വിറ്റ്സർലൻഡിനോട് കിടപിടിക്കുന്ന ഒരു വിസ്മയ താഴ്വര ഇന്ത്യയിലുണ്ട്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുള്ള ഖജ്ജിയാർ.
‘മിനി സ്വിറ്റ്സർലൻഡ്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഖജ്ജിയാറിലൂടെ കുറഞ്ഞ ചെലവിൽ സ്വിറ്റ്സർലൻഡിൻ്റെ സമാധാനവും സൗന്ദര്യവും ഇന്ത്യയിൽ തന്നെ അനുഭവിക്കാൻ സഞ്ചാരികൾക്ക് സാധിക്കുന്നു എന്നതാണ് സവിശേഷത.
പച്ചപ്പുനിറഞ്ഞ പുൽമേടുകൾ, ഇടതൂർന്ന പൈൻ വനങ്ങൾ, ശാന്തമായ തടാകങ്ങൾ തുടങ്ങി സ്വിസ് കാഴ്ചകളോട് കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന ഖജ്ജിയാറിലേയ്ക്ക് ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. ഖജ്ജിയാറിന് ‘മിനി-സ്വിറ്റ്സർലൻഡ്’ എന്ന പേര് അങ്ങനെ വെറുതെ ലഭിച്ചതല്ല.
1992 ജൂലൈ 7-ന് സ്വിസ് ചാൻസലർ വില്ലി ബ്ലേസർ ഈ താഴ്വര സന്ദർശിക്കുകയും അതിൻ്റെ പ്രകൃതി ഭംഗിയിൽ ആകൃഷ്ടനാവുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ബേണിന് സമാനമായ ശാന്തതയും സൗന്ദര്യവും ഇവിടെ തനിക്ക് അനുഭവപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല, ഖജ്ജിയാറിൽ നിന്ന് സ്വിറ്റ്സർലൻഡിലെ ബേണിലേക്കുള്ള ദൂരം രേഖപ്പെടുത്തിയ ഒരു സൈൻബോർഡ് അദ്ദേഹം ഖജ്ജിയാറിൽ സ്ഥാപിക്കുകയും സ്വിസ് പാർലമെന്റിൽ സൂക്ഷിക്കാനായി ഖജ്ജിയാറിൽ നിന്ന് ഒരു കല്ല് അദ്ദേഹം കൊണ്ടുപോവുകയും ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 മീറ്റർ ഉയരത്തിലാണ് ഖജ്ജിയാർ സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സ്നേഹികൾക്ക് ഒരു പറുദീസയാണ് ഇവിടം. ഇടതൂർന്ന പൈൻ വനങ്ങളും പുൽമേടുകൾക്ക് നടുവിലെ ശാന്തമായ ഖജ്ജിയാർ തടാകവുമാണ് ഇവിടത്തെ പ്രധാന ആകർഷണം.
മൂടൽമഞ്ഞുള്ള ഒരു പ്രഭാതത്തിൽ ധൗലാധർ പർവതനിരകൾ താഴ്വരയിലേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ ഒരു പെയിന്റിംഗ് പോലെ മനോഹരമാണ്. തടാകക്കരയിലിരുന്ന് മണിക്കൂറുകളോളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പ്രകൃതി സൗന്ദര്യമാണ് ഖജ്ജിയാറിനെ വ്യത്യസ്തമാക്കുന്നത്. പ്രകൃതി സൗന്ദര്യത്തിന് പുറമെ, ഖജ്ജിയാർ അതിൻ്റെ മതപരമായ പൈതൃകത്തിലും പ്രശസ്തമാണ്.
തടാകത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഖജ്ജിയാർ നാഗ് ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചമ്പയിലെ രാജാവ് പ്രീതി സിംഗ് പണികഴിപ്പിച്ചതാണ്. ജഗദംബ ക്ഷേത്ര സമുച്ചയമാണ് മറ്റൊരു ക്ഷേത്രം.
ഇടതൂർന്ന പൈൻ മരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന 85 അടി ഉയരമുള്ള ശിവൻ്റെ വെങ്കല പ്രതിമ ഇവിടെയുണ്ട്. കേവലം ശാന്തതയ്ക്ക് അപ്പുറം സാഹസികതയുടെ ലോകം കൂടിയാണ് ഖജ്ജിയാർ.
ഖജ്ജിയാറിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള കലടോപ്പ് വന്യജീവി സങ്കേതം ഇടതൂർന്ന പൈൻ, ഓക്ക് വനങ്ങളുടെ ആവാസ കേന്ദ്രമാണ്. ട്രെക്കിംഗിന് പേരുകേട്ട
ഇവിടെ ഹിമാലയൻ കരടി, പുള്ളിപ്പുലി, പറക്കും അണ്ണാൻ തുടങ്ങിയവയെ കാണാൻ കഴിഞ്ഞേക്കും. 2,755 മീറ്റർ ഉയരമുള്ള ദൈൻകുണ്ട് കൊടുമുടി ഡൽഹൗസിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്.
മരങ്ങൾക്കിടയിലൂടെ വീശുന്ന കാറ്റ് സംഗീതം പോലെ തോന്നിക്കുന്നതിനാൽ ഇതിനെ ‘പാട്ടിൻ്റെ കൊടുമുടി’ എന്നും വിളിക്കുന്നു. പാരാഗ്ലൈഡിംഗ്, സോർബിംഗ്, കുതിരസവാരി, ട്രെക്കിംഗ് എന്നിവ വിനോദസഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം.
കുട്ടികൾക്കായി പ്രത്യേക ട്രെക്കിംഗ് പാതകളും ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]