തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ പ്രശസ്തമായ മലരിക്കൽ ആമ്പൽപ്പാടം പൂർണ്ണമായും വെള്ളത്തിനടിയിലായി. നിലവിൽ ഇവിടെ ഒരു പൂവ് പോലും കാണാനാവാത്ത സാഹചര്യമാണുള്ളത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പാടശേഖരത്തിലെ ബോട്ടിങ് ഉൾപ്പെടെയുള്ള എല്ലാ ടൂറിസം പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ഷാജിമോൻ വട്ടപ്പള്ളിൽ വ്യക്തമാക്കുന്നു.
കോട്ടയത്ത് കനത്ത മഴ ആരംഭിച്ച ആദ്യ ദിവസം തന്നെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്ന് മലരിക്കൽ പാടത്തിലേക്ക് വെള്ളം കയറുകയായിരുന്നു. വിരിഞ്ഞുനിന്ന പൂക്കളെല്ലാം ഇതിനാൽ പൂർണ്ണമായി വെള്ളത്തിനടിയിലായി.
മഴ മാറി നിൽക്കുകയാണെങ്കിൽ പൂക്കൾ വീണ്ടും തലയുയർത്തി സന്ദർശകരെ സ്വീകരിക്കാൻ ഏകദേശം ഒരാഴ്ചത്തെ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുന്നു. വെള്ളത്തിൽ ദിവസങ്ങളോളം ആമ്പൽ പൂവുകൾ മുങ്ങിക്കിടക്കുന്നത് അവ ചീഞ്ഞുപോകാൻ കാരണമാകുമോ എന്ന ആശങ്കയ്ക്ക് മറുപടിയായി സൊസൈറ്റി പ്രസിഡന്റ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “ഈ വെള്ളം ഇറങ്ങിയാൽ മതി.
ആമ്പൽ പൂവുകൾ വെള്ളത്തിൽ മുങ്ങിയെന്ന് വച്ച് ഒരു കുഴപ്പവും ഉണ്ടാവില്ല. പകരം ഒന്നുകൂടി വലുതാകും.
ഇതളുകൾക്ക് കട്ടിയും കൂടും. വെള്ളമില്ലാത്തതുകൊണ്ടാണ് ഇത്രനാളും പൂക്കൾ ഇതളുകൾക്ക് കട്ടികുറഞ്ഞ് നിന്നത്.” ഈ സീസൺ എട്ടുവരെയുണ്ടാകും എന്ന ചോദ്യത്തിന്, ഒന്നരമാസം മുമ്പാണ് മലരിക്കലിൽ സീസൺ ആരംഭിച്ചതെന്നും സെപ്റ്റംബർ 15 വരെ ഇത് നീണ്ടുനിൽക്കേണ്ടതായിരുന്നു എന്നുമാണ് മറുപടി.
ഇതിനിടയിലാണ് മഴയെത്തിയത്. കൊയ്ത്ത് കഴിഞ്ഞ് രണ്ട് മാസത്തോളം പാടത്ത് വെള്ളം കയറിക്കിടക്കുമ്പോഴാണ് ആമ്പലുകൾ വിരിഞ്ഞുതുടങ്ങുന്നത്.
തുടർന്ന് ഒക്ടോബർ 15 ഓടെ വെള്ളം വറ്റിച്ച ശേഷം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചാണ് അടുത്ത കൃഷിക്കുള്ള തയാറെടുപ്പുകൾ നടത്തുന്നത്. മഴ തുടരുന്ന ദിവസങ്ങളിലും സഞ്ചാരികൾ മലരിക്കലിലേക്ക് എത്തുന്നുണ്ടോയെന്ന ചോദ്യത്തിന് സന്ദർശകരിൽ നിന്നും ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഹോംസ്റ്റേ ബുക്കിംഗുകൾക്കായി നിരന്തരം ഫോൺ കോളുകൾ വരുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും ഇന്നലെ പോലും ആളുകൾ വിളിച്ചിരുന്നു.
അവിടം വരെ വന്ന് കാഴ്ചകൾ ഒന്ന് കണ്ടാൽ മതിയെന്നാണ് സന്ദർശകർ ആവശ്യപ്പെടുന്നത്. അതേസമയം, വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന പ്രദേശത്തെ വള്ളക്കാർ ഇപ്പോൾ രക്ഷാപ്രവർത്തന രംഗത്താണ് സജീവമായിട്ടുള്ളത്.
എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നാണ് തിരുവാർപ്പ് പഞ്ചായത്തിനെ ഇവർ അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാര മേഖല സ്തംഭിച്ചതോടെ ഈ രംഗത്തെ ആശ്രയികഴിയുന്നവരുടെ വരുമാനവും നിലച്ചിരിക്കുകയാണ്.
പ്രദേശത്തെ 100 മുതൽ 120 കുടുംബങ്ങൾ വരെയാണ് ഈ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. ഒരു വള്ളത്തിൽ ആറുപേരെ വരെ കയറ്റി ആമ്പൽ കാഴ്ചകൾ കാണിച്ചാൽ 1000 രൂപ വരെ ലഭിക്കാറുണ്ട്.
ഒരു ദിവസം ഇത്തരം മൂന്ന് യാത്രകളെങ്കിലും ഇവർക്ക് നടത്താൻ സാധിക്കും. ഇതിനു പുറമെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കിയും പ്രദേശവാസികൾ നല്ല രീതിയിൽ വരുമാനം കണ്ടെത്താറുണ്ട്.
കഴിഞ്ഞ വർഷം മാസങ്ങൾ നീണ്ടുനിന്ന ആമ്പൽ സീസൺ വഴി 5 കോടി രൂപയുടെ വരുമാനമാണ് മലരിക്കൽ പ്രദേശം സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

