പശ്ചിമേഷ്യയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള സലാല, കുവൈത്ത് സെക്ടറുകളിലെ വിമാന സർവീസുകൾ വീണ്ടും പ്രവർത്തനം തുടങ്ങി.
സലാല സർവീസുകൾ ഇന്നലെ മുതൽ ആരംഭിച്ചപ്പോൾ, കോഴിക്കോട് – കുവൈത്ത് സർവീസുകൾ ഇന്നും, ബെംഗളൂരു – കുവൈത്ത് സർവീസുകൾ നാളെയും പുനരാരംഭിക്കും. പുതിയ സമയക്രമം അനുസരിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11ന് കോഴിക്കോട് നിന്ന് സലാലയിലേക്കും ഉച്ചകഴിഞ്ഞ് 2.15ന് തിരികെ കോഴിക്കോട്ടേക്കും വിമാനം സർവീസ് നടത്തും.
കോഴിക്കോട് – കുവൈത്ത് വിമാനം വെള്ളി രാവിലെ 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടും. കുവൈത്തിൽ നിന്ന് 11.05ന് തിരിച്ച് വൈകിട്ട് 6.50ന് കോഴിക്കോട് എത്തും.
ബെംഗളൂരു – കുവൈത്ത് സർവീസ് വെള്ളി പുലർച്ചെ 2.25ന് പുറപ്പെട്ട് രാവിലെ 4.50ന് കുവൈത്തിലെത്തും. മടക്കയാത്ര രാവിലെ 5.50ന് ആരംഭിക്കുന്ന വിമാനം ഉച്ചയ്ക്ക് 1.25ന് ബെംഗളൂരുവിലെത്തും.
അടുത്ത ഘട്ടമായി 5 മുതൽ കോഴിക്കോട് – കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും രാവിലെ 5.50ന് തിരിച്ചും സർവീസ് ലഭ്യമാകും.
7 മുതൽ ബെംഗളൂരു – കുവൈത്ത് റൂട്ടിലും ആഴ്ചയിൽ മൂന്ന് ദിവസമായി സർവീസ് ഉയർത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിലായിരിക്കും ഈ സർവീസുകൾ.
മസ്കത്തിലേക്കുള്ള സർവീസുകളും ബെംഗളൂരുവിൽ നിന്ന് പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, വിമാന ഇന്ധനവിലയിൽ ഉണ്ടായ കുറവിനെത്തുടർന്ന് എയർ ഇന്ത്യ തങ്ങളുടെ ഇന്ധന സർചാർജുകളിൽ ഇളവ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് നോർത്ത് അമേരിക്ക, യൂറോപ്പ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെത്തുടർന്ന് ഏപ്രിൽ ഏഴിനാണ് ഈ സർചാർജ് വർധിപ്പിച്ചിരുന്നത്.
പുതിയ പരിഷ്കാരം പ്രകാരം നോർത്ത് അമേരിക്ക, ഓസ്ട്രേലിയ സർവീസുകളുടെ ഇന്ധന സർചാർജ് 280 ഡോളറിൽ നിന്ന് 200 ഡോളറായി കുറച്ചു. യൂറോപ്പ്, ബ്രിട്ടൻ സർവീസുകളുടേത് 205 ഡോളറിൽ നിന്ന് 125 ഡോളറുമായി കുറഞ്ഞു.
ഈ പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

