തിരുവമ്പാടിയിൽ നിർമാണം പുരോഗമിക്കുന്ന ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാതയുടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ അധികൃതർ നടപടി സ്വീകരിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിൽ രാത്രി ഷിഫ്റ്റുകളിൽ കൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് രണ്ടു വശങ്ങളിലായാണ് തുരങ്കനിർമാണം നടക്കുന്നത്. ഇതിൽ ആദ്യം പ്രവർത്തനം തുടങ്ങിയ വലതുവശത്തെ തുരങ്കം ഇതിനോടകം 30 മീറ്ററോളം പൂർത്തിയായിട്ടുണ്ട്.
രണ്ടാമത് നിർമാണം തുടങ്ങിയ ഇടതുവശത്തെ തുരങ്കത്തിന്റെ 10 മീറ്ററോളം ഭാഗമാണ് പൂർത്തിയായത്. തുരങ്കം 50 മീറ്റർ പിന്നിട്ടു കഴിഞ്ഞാൽ, പ്രതിദിനം 6 മീറ്റർ വീതം തുരന്നു മുന്നേറാൻ സാധിക്കുമെന്നാണ് നിർമാണ വിഭാഗത്തിന്റെ വിലയിരുത്തൽ.
തുടക്കത്തിൽ നേരിടുന്ന സാങ്കേതികമായ കാലതാമസങ്ങൾ മറികടക്കാനുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. തുരങ്കപ്പാതയിലേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ റിസോർട്ട് പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു. പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
പാലത്തിനും നാലുവരി അപ്രോച്ച് റോഡിനുമായി 73.86 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിലവിൽ പകലും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പദ്ധതി പ്രദേശത്തെ പ്രവർത്തനങ്ങൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

