കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ്.
ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ യൂണിയനുകൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും കമ്മീഷന് മുമ്പാകെ സമർപ്പിക്കാൻ നൽകിയിരുന്ന സമയപരിധി വീണ്ടും ദീർഘിപ്പിച്ചു. നേരത്തെ മെയ് 31 വരെയായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്.
എന്നാൽ, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച അഭ്യർത്ഥനകൾ പരിഗണിച്ച്, ഇത് ജൂൺ 15 വരെ നീട്ടി നൽകാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഇത് അവസാനത്തെ അവസരമാണെന്നും, ഇതിനുശേഷം യാതൊരു കാരണവശാലും സമയം അനുവദിക്കില്ലെന്നും കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട രീതി സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ 8cpc.gov.in വഴി മാത്രമേ മെമ്മോറാണ്ടങ്ങൾ സ്വീകരിക്കുകയുള്ളൂ. ഹാർഡ് കോപ്പികളായോ, ഇമെയിൽ വഴിയോ, പിഡിഎഫ് ഫയലുകളായോ അയക്കുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ രാജ്യവ്യാപകമായി ജീവനക്കാരുടെ സംഘടനകളുമായും പെൻഷൻ അസോസിയേഷനുകളുമായും കമ്മീഷൻ നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ശമ്പള ഘടന, പെൻഷൻ ആനുകൂല്യങ്ങൾ, മറ്റ് അലവൻസുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്.
കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 2027 പകുതിയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ 2026 ജനുവരി 1 മുതൽ നടപ്പിലാക്കണമെന്നാണ് വിവിധ ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. നിലവിലെ 18,000 രൂപ എന്ന അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നും, ശമ്പള നിർണ്ണയത്തിനായി 3.83 ഫിറ്റ്മെന്റ് ഫാക്ടർ പരിഗണിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
കൂടാതെ വാർഷിക ശമ്പള വർദ്ധനവ് 6 ശതമാനമായി വർദ്ധിപ്പിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. നടപടികൾ വൈകുന്നത് ശമ്പള കുടിശ്ശിക വർദ്ധിക്കുന്നതിനും സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഉയരുന്നതിനും ഇടയാക്കുമെന്നതിനാൽ വരും മാസങ്ങളിലെ കമ്മീഷന്റെ ഓരോ ചുവടുവെപ്പും സർക്കാർ ജീവനക്കാർ ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

