താനെയിലെ ‘കമ്പനി’ ഒറ്റമുറി; ഇ.ഡി ഏജന്റുമാർ തട്ടുന്ന പണം എത്തിയത് ഇവിടേക്ക്, കൈക്കൂലി കേസിൽ ‘വിജിലൻസ് vs ഇ.ഡി’
കൊച്ചി ∙ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായുള്ള ബലാബലം മുറുകി നിൽക്കെ മുംബൈയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു നൽകിയ അക്കൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ വിജിലൻസ് പരിശോധന നടത്തി.
താനെയിലാണ് ബോറ കമ്മോഡിറ്റീസ് ആൻഡ് ടൂർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്. തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന സ്ഥാപനമായിരുന്നു ഇതെന്നാണ് വിജിലൻസിന്റെ നിഗമനം.
Also Read
ഇ.ഡി ഏജന്റുമാർ എന്ന പേരിൽ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് എന്നാണ് കരുതുന്നത്. എന്നാൽ വിജിലൻസ് എത്തുമ്പോൾ ഈ ഒറ്റമുറി സ്ഥാപനം പൂട്ടിയ നിലയിലാണ്.
ബോർഡ് മാത്രമാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ തെളിവായി ഉള്ളത്. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്ന 2 മുംബൈ സ്വദേശികളിൽ ഒരാൾ ഡ്രൈവറാണ്.
എന്നാൽ തന്റെ പേരിൽ ഇത്തരമൊരു സ്ഥാപനമുള്ള കാര്യം പോലും ഇയാൾക്ക് അറിയില്ല. രണ്ടാമൻ യഥാർഥത്തിലുള്ള വ്യക്തിയല്ലെന്നാണു വിജിലൻസിന്റെ നിഗമനം.
Also Read
ഈ കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്ന പണത്തിന്റെ കണക്ക് സംബന്ധിച്ച് വിജിലൻസ് നേരത്തേ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിലേക്കു കോടികളാണ് എത്തിയിട്ടുള്ളത് എന്നാണ് നിഗമനം.
എന്നാൽ ഈ പണം എവിടേക്കു കടത്തിയെന്നതിൽ വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം. ഇത് പണം കടത്തുന്നതിനായി രൂപീകരിച്ച കടലാസ് കമ്പനിയാണെന്നു സ്ഥിരീകരിച്ചെന്നും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. ഇഡി അസി.
ഡയറക്ടർ ശേഖർ കുമാർ ഒന്നാം പ്രതിയായ കൈക്കൂലി കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിനോട് 50,000 രൂപ അയയ്ക്കാൻ രണ്ടാം പ്രതിയായ ഇടനിലക്കാരൻ വിൽസൺ വർഗീസ് ആവശ്യപ്പെടുന്നത് ഈ ബോറ കമ്മോഡിറ്റീസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ്. വിൽസൺ വർഗീസിന് ഈ അക്കൗണ്ട് നമ്പർ നൽകിയിരിക്കുന്നത് കൊച്ചിയിൽ താമസിക്കുന്ന മറ്റൊരു ഇടനിലക്കാരനും മൂന്നാം പ്രതിയുമായ രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ ആണെന്ന് വിജിലൻസ് റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മുകേഷാണ് പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത് എന്നാണ് സംശയം. കൈക്കൂലിയായും മറ്റും തട്ടിച്ചെടുക്കുന്ന കോടികൾ ഹവാലയായും മറ്റുമാണ് പലയിടങ്ങളിലേക്കും എത്തിച്ചിരുന്നത് എന്നാണ് വിജിലൻസ് അന്വേഷണം സൂചിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

