
കൊച്ചി : നിർമ്മാണപ്പിഴവ് മൂലം അപകടാവസ്ഥയിലായ വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ബി, സി ടവറുകൾ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആറുവർഷം മുമ്പ് നിർമ്മിച്ച 29 നിലകൾ വീതമുള്ള ടവറുകളാണ് പൊളിക്കുന്നത്. വൈറ്റിലയ്ക്കടുത്ത് സിൽവർ സാൻഡ് ഐലൻഡിലാണ് ചന്ദേർകുഞ്ച് എന്ന പേരിൽ ഫ്ലാറ്റ് സമുച്ചയങ്ങളാണുള്ളത്. മൂന്നു ടവറുകളിലായി 264 ഫ്ലാറ്റുകളാണ് ഇവിടെയുള്ളത്.
ഫ്ളാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്, സൈനിക ഉദ്യോഗസ്ഥർ, വിമുക്ത ഭടന്മാർ എന്നിവർക്കായി 2018ലാണ് ഫ്ളാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി.
ഫ്ലാറ്റുകൾ പൊളിച്ച് വിൽക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലുപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഫ്ലാറ്റുകളിലെ താമസക്കാർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. 21000 മുതൽ 23000 രൂപ വരെ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]