വിഷൻ 2030 പ്രഖ്യാപന ശേഷം മറ്റേതൊരു രംഗത്തേയുമെന്ന പോലെ സൗദി അറേബ്യ വിദ്യാഭ്യാസ മേഖലയിലും വൻ കുതിപ്പാണ് നടത്തുന്നത്. പരിജ്ഞാന ശാഖയിൽ പ്രത്യേകിച്ച് ശാസ്ത്ര, സാങ്കേതിക, വ്യാവസായിക, ഗവേഷണ രംഗങ്ങളിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടു വന്ന് ആഭ്യന്തര, വിദേശ തൊഴിൽ വിപണിയിൽ മത്സരിക്കാൻ കഴിയുംവിധം മനുഷ്യ വിഭവശേഷി വികസനത്തിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങൾ ലോക രാജ്യങ്ങൾക്കു തന്നെ മാതൃകയാണ്. രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാനുള്ള അനുമതി കൂടി ആയതോടെ വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യ കൈവരിക്കാൻ പോകുന്നത് അസൂയാവഹമായ നേട്ടമായിരിക്കും. വിദേശ സർവകലാശാലകളുടെ കാമ്പസുകൾ തുറക്കുന്നത് സ്വദേശി വിദ്യാർഥികൾക്കു മാത്രമല്ല, ലക്ഷക്കണക്കായ വിദേശ തൊഴിലാളികളുടെ മക്കൾക്കും ഉപരിപഠനത്തിന് ഗുണകരമായി മാറും. മാത്രമല്ല, വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ നിക്ഷേപ അവസരങ്ങളുമാണ് തുറന്നു കിട്ടുന്നത്.
1960 കളിൽ സൗദിയുടെ സാക്ഷരതാ നിരക്ക് പരുഷൻമാരിൽ 15 ശതമാനത്തിൽ താഴെയിരുന്നു. സ്ത്രീകളിൽ രണ്ട് ശതമാനത്തിൽ താഴെയും. അതിപ്പോൾ പുരുഷൻമാരിൽ 99 ശതമാനവും സ്ത്രീകളിൽ 96 ശതമാനവുമായാണ് ഉയർന്നിരിക്കുന്നത്. മുസ്ലിം ലോകത്തെ സ്ത്രീകളിൽ കൂടുതൽ വിദ്യാസമ്പന്നർ ഇന്നിപ്പോൾ സൗദി അറേബ്യയിലാണ്. 2018ൽ സൗദിയിലെ സർവകലാശാലയിൽനിന്ന് ബിരുദം നേടിയവരിൽ 66 ശതമാനവും സ്ത്രീകളായിരുന്നു. ഇത് വികസിത രാജ്യങ്ങളിലേക്കാൾ ഉയർന്ന നിരക്കാണ്. യു.എൻ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ മനുഷ്യ വിഭവശേഷി വികസന സൂചികയിൽ ലോകത്തെ 191 രാജ്യങ്ങളിൽ കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ സ്ഥാനം 35 ആണ്. അതിനു തൊട്ടു മുൻപ് 40ാം സ്ഥാനത്തായിരുന്നു സൗദി. ജി 20 രാജ്യങ്ങളിൽ മനുഷ്യ വിഭവശേഷി വികസനത്തിൽ സൗദി അറേബ്യക്ക് പത്താം സ്ഥാനമുണ്ട്.
വാർഷിക ബജറ്റിന്റെ ഭീമമായ പങ്കും വിദ്യാഭ്യാസ പുരോഗതിക്കായി നീക്കിവച്ചുകൊണ്ടാണ് സർക്കാർ ഈ നേട്ടം കൈവരിച്ചത്. തൊഴിൽ രംഗത്ത് യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ രംഗത്ത് സമൂല പരിവർത്തനമാണ് ഇതിനായി നടത്തിയത്. ഇതിന്റെ ഫലമായി യുവജനങ്ങൾ തൊഴിൽ പരിജ്ഞാനം ഇല്ലാത്തവരാണെന്ന പേരുദോഷം കുറഞ്ഞകാലംകൊണ്ട് മാറ്റിയെടുക്കാൻ സൗദിക്കായി. ഇന്ന് ആഭ്യന്തര തൊഴിൽ വിപണിയിൽ മാത്രമല്ല, അന്താരാഷ്ട്ര തൊഴിൽ വിപണിയിലും മത്സരിക്കാൻ പ്രാപ്തരായ ഉദ്യോഗാർഥികൾ സൗദിയിൽ വേണ്ടുവോളമുണ്ട്. ഇംഗ്ലീഷ് പഠനം ഇന്റർമീഡിയറ്റ് തലത്തിൽ തുടങ്ങിയിരുന്നത് ഏറ്റവും താഴെ തട്ടിലേക്കു കൊണ്ടുവന്നു. മതപഠന രീതിയിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കി. ചൈനീസ് ഉൾപ്പെടെ വിദേശ ഭാഷകൾ പഠിക്കുന്നതിനുള്ള അവസരങ്ങളും സൃഷ്ടിച്ചു. ഇതേത്തുടർന്ന് നിലവിലെ തൊഴിൽ വിപണിക്കും ഭാവിയിലേക്കും ഏതു തൊഴിലും ചെയ്യാൻ പ്രാപ്തരായ തലമുറയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യുനസ്കോയുടെ കണക്കു പ്രകാരം വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനു പോകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിൽ സൗദി അറേബ്യയുണ്ട്. 2017ലെ കണക്കു പ്രകാരം സൗദിയിലെ മൊത്തം വിദ്യാർഥികളിൽ അഞ്ചു ശതമാനം പേർ വിദേശത്താണ് പഠിക്കുന്നത്. ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാരാണ് ലഭ്യമാക്കുന്നത്.
ഉന്നത പഠനത്തിന്റെയും ശാസ്ത്ര ഗവേഷണ സംവിധാനത്തിന്റെയും വികസനം ലക്ഷ്യമാക്കി രാജ്യത്തെ സർവകലാശാലകളുടെ വിദ്യാഭ്യാസ സാധ്യതകൾ വൈവിധ്യവത്കരിക്കുകയും വികസന ആവശ്യകത നിറവേറ്റുന്ന വിദ്യാഭ്യാസം പ്രാപ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ സർവകലാശാലകൾക്ക് ശാഖകൾ തുറക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗൺസിൽ ഓഫ് യൂനിവേഴ്സിറ്റി അഫയേഴ്സ് അനുമതി നൽകിയിട്ടുള്ളത്. ഏതൊക്കെയെന്ന് വ്യക്തമായിട്ടില്ലെങ്കിലും നിലവിൽ മൂന്നു വിദേശ സർവകലാശാലകൾ ശാഖകൾ തുറക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സർവകലാശാലകൾക്കു മാത്രമായിരിക്കും തുടക്കത്തിൽ അനുമതി ലഭിക്കുക. ഇന്ത്യയിൽനിന്നുള്ള സർവകലാശാലകളും ഈ അവസരം പ്രയോജനപ്പെടുത്താൻ തയാറായാൽ ഇന്ത്യക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഉപരിപഠനം ഇവിടെ തന്നെ സാധ്യമാകും. നിലവിൽ സൗദി സർവകലാശാലകളിൽ അപൂർവം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസ് അല്ലാത്തതിനാൽ ഉപരി പഠനത്തിന് സൗദി വിട്ടുപോവുകയാണ് അധികപേരും ചെയ്യുന്നത്. ഇത് കുട്ടികൾക്കും കുടുംബത്തിനും ഏറെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് ലഘൂകരിക്കുന്നതിന് സൗദി കൗൺസിൽ ഓഫ് യൂനിവേഴ്സിറ്റി അഫയേഴ്സിന്റെ തീരുമാനം സഹായകരമാവും.
വിദേശ സർവകലാശാലയുടെ ശാഖ സ്ഥാപിക്കുന്നതിനുള്ള അപേക്ഷ വിദേശ സർവകലാശാലയോ അതിന്റെ പ്രതിനിധിയോ ആണ് കൗൺസിലിന് സമർപ്പിക്കേണ്ടത്. സർവകലാശാലയുടെ പേര്, സ്ഥലം, സ്ഥാപിച്ച തീയതി, വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ, സവിശേഷതകൾ, മറ്റു ശാഖകളുടെ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഏതു സർവകലാശാലയായാലും ശാഖ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും അതു തെളിയിക്കുന്നതിനുള്ള പഠന റിപ്പോർട്ടും അപേക്ഷയൊടൊപ്പം ഉണ്ടായിരിക്കണം. മാത്രവുമല്ല, സർവകലാശാലയുമായി ബന്ധപ്പെട്ട കോളേജുകൾ, ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ യൂനിറ്റുകൾ, സയന്റിഫിക് സ്പെഷ്യലൈസേഷനുകൾ എന്നിവയുടെ വിവരങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കണം. പഠന മാധ്യമം ഏതായിരിക്കുമെന്നും എന്നു മുതൽ പഠനം ആരംഭിക്കാനാവുമെന്നും വെളിപ്പെടുത്തണം. ശാഖ നൽകുന്ന സർട്ടിഫിക്കറ്റ് മാതൃസ്ഥാപനം സാക്ഷ്യപ്പെടുത്തിയതായിരിക്കണം. കൗൺസിലിന്റെ അനുമതിയില്ലാതെ ശാഖയുടെ പ്രവർത്തനം അവസാനിപ്പിക്കാനോ ഉടമസ്ഥാവകാശം മാറാനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
സൗദി അറേബ്യ തുറന്നിട്ടുള്ള ഈ അവസരം കേരളത്തിലെ ഏതെങ്കിലും സർവകലശാല പ്രയോജനപ്പെടുത്താൻ തയാറായാൽ അതു നൂറുകണക്കിനു ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് മലയാളി വിദ്യാർഥികൾക്ക് ഗുണകരമാവും. ഇവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക് ഇവിടെ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭ്യമായാൽ അതു തൊഴിൽ വിപണിയിൽ വരാൻ പോകുന്ന വൻസാധ്യതകളെ പ്രയോജനപ്പെടുത്താൻ ഉപകരിക്കും. ഇക്കാര്യത്തിൽ കേരള സർക്കാർ ഉണർന്നു പ്രവർത്തിച്ചാൽ സംസ്ഥാനത്തിന് ഭാവിയിൽ ഏറെ ഗുണകരമായി മാറുന്ന ഒരു നടപടിയായി മാറുമത്. അതിനായുള്ള പരിശ്രമം ഭരണകർത്താക്കളുടെയും പ്രവാസി സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഏതൊരു രാജ്യത്തും ഒരു മാറ്റവും എളുപ്പം സാധ്യമാകുന്നതല്ല. വ്യക്തമായ കാഴ്ചപ്പാടും പദ്ധതികളും പരിപാടികളും അതു പ്രാവർത്തികമാക്കുന്നതിനാവശ്യമായ ഏകോപനവും ശക്തമായ നേതൃത്വവും ഉണ്ടെങ്കിൽ മാത്രമാണ് മാറ്റം സാധ്യമാവുക. അതാണിപ്പോൾ സൗദി അറേബ്യയിൽ നടന്നു വരുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിനോദ സഞ്ചാര, ശാസ്ത്ര, വ്യാവസായിക രംഗങ്ങളിൽ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും പരിപാടികളുമാണ് സൗദി അറേബ്യ വിഷൻ 2030ന്റെ ഭാഗമായി ആവിഷകരിച്ചു നടപ്പാക്കി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]