വേമ്പനാട്ടുകായലിൽ പോളപ്പായലുകളുടെ വ്യാപനം അതിരൂക്ഷമായതോടെ ജലഗതാഗതം കടുത്ത പ്രതിസന്ധിയിൽ. പ്രത്യേകിച്ച് കുമരകം ഭാഗത്താണ് സ്ഥിതി കൂടുതൽ ഗുരുതരമായിരിക്കുന്നത്.
മുഹമ്മ–കുമരകം ജലപാതയിലൂടെ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ പായലിൽ കുടുങ്ങി യാത്രാതടസ്സം നേരിടുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പ്രൊപ്പല്ലറിൽ പായൽ ചുറ്റിപ്പിടിച്ചതിനെ തുടർന്ന് യാത്രക്കാർ ബോട്ടിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി.
സർവീസുകൾ തടസ്സപ്പെടുമ്പോൾ മുഹമ്മ ബോട്ട് സ്റ്റേഷനിൽ നിന്നും പ്രത്യേക എമർജൻസി ബോട്ട് എത്തിച്ചാണ് യാത്രക്കാരെ സുരക്ഷിതമായി ജെട്ടിയിലെത്തിക്കുന്നത്. യാത്രാബോട്ടുകൾക്ക് പുറമെ ഹൗസ്ബോട്ടുകളും മറ്റ് ഇതര ജലയാനങ്ങളും വലിയ ദുരിതമാണ് നേരിടുന്നത്.
കാറ്റിന്റെയും ഒഴുക്കിന്റെയും ദിശയ്ക്കനുസരിച്ച് കൂട്ടമായി ഒഴുകിയെത്തുന്ന പായലുകൾ ജലപാതകളിൽ നിറയുന്നതാണ് പ്രധാന വെല്ലുവിളി. ബോട്ടുകളുടെ പ്രൊപ്പല്ലറുകളിൽ ഇവ ചുറ്റിപ്പിടിക്കുന്നത് യാത്രാവേഗത ഗണ്യമായി കുറയ്ക്കുന്നതിനും എൻജിൻ പ്രവർത്തനരഹിതമാകുന്നതിനും കാരണമാകുന്നു.
പലപ്പോഴും ജീവനക്കാർ നേരിട്ട് പായൽ നീക്കം ചെയ്ത ശേഷം മാത്രമാണ് സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുന്നത്. രാത്രികാലങ്ങളിൽ ഈ പ്രതിസന്ധി ഇരട്ടിക്കുകയാണ്.
ഇരുട്ടിൽ പായൽക്കൂട്ടങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് ബോട്ട് ജീവനക്കാരിലും യാത്രക്കാരിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതിനുപുറമേ, പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെ സഞ്ചാരത്തിനും ഈ പ്രതിബന്ധം വലിയ തിരിച്ചടിയാകുന്നുണ്ട്.
ഇത് മത്സ്യബന്ധനത്തെയും കായലിലെ സ്വാഭാവിക ജലചംക്രമണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. നിരന്തരമായി പരാതികൾ ഉയർന്നിട്ടും പായലുകൾ ശാശ്വതമായി നീക്കം ചെയ്യുന്നതിന് യാതൊരുവിധ സ്ഥിരം സംവിധാനങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
മുഹമ്മ–കുമരകം ജലപാതയടക്കം പായലുകൾ അടിഞ്ഞുകൂടി കിടക്കുന്ന മുഴുവൻ മേഖലകളിലും അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജലഗതാഗതം സുഗമമാക്കണമെന്നാണ് യാത്രക്കാരുടെയും ബോട്ട് ജീവനക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

