സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻതോതിൽ കഞ്ചാവ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട്’ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 26 കിലോയിലധികം നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയത്.
ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തിൽ, മഞ്ഞുമ്മൽ ജനതാ സ്റ്റോപ്പിന് സമീപത്തുനിന്ന് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റംജാൻ അലി (33) ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇയാളെ 14.130 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഉന്തുവണ്ടിയിൽ കുപ്പികൾക്കിടയിൽ പ്രത്യേകം തയ്യാറാക്കിയ അലുമിനിയം ഷീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പായ്ക്കറ്റുകൾ.
ഇടപ്പള്ളിയിലുള്ള ഒരാൾക്ക് കൈമാറാൻ വേണ്ടി കൊണ്ടുവന്നതാണ് ഈ കഞ്ചാവ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒഡീഷ സ്വദേശികളായ ആദി നായക് (20), ഹിമാൻഷു നായക് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 12.15 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. തിങ്കളാഴ്ചയാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

