സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി നടപടികൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഈ മാസം 15 മുതൽ ഒരു വർഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും ലഭ്യമാക്കുന്നതിനായി ടെൻഡർ വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കോർ കമ്മിറ്റി മുന്നോട്ടുവെച്ച ഈ നിർദേശം വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ സമർപ്പിക്കും. ഇതിനുപുറമെ, സെപ്റ്റംബർ മാസത്തിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി വീണ്ടും ടെൻഡർ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ നടത്തിയ ടെൻഡറിൽ യൂണിറ്റിന് 12 രൂപ വരെ കമ്പനികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ കരാറുകൾ ഒപ്പിടേണ്ടതില്ലെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഇതുകൂടാതെ, ജനുവരി മുതൽ മേയ് 15 വരെയുള്ള കാലയളവിലെ വൈദ്യുതി വാങ്ങൽ കരാറുകൾക്കായി നടപടിക്രമങ്ങൾ ആരംഭിക്കാനും കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കാൻ ടെൻഡറുകൾ വിളിച്ചെങ്കിലും ന്യായമായ നിരക്കിൽ ലഭ്യമാകാത്തതിനെത്തുടർന്ന് കരാറുകൾ ഒപ്പിടാൻ സാധിച്ചിരുന്നില്ല.
നിലവിൽ റീ-ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നതിന് സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

