മാലിന്യരഹിതമായ ഒരു നാടിനായി സ്വപ്നം കണ്ട, പരിസ്ഥിതിയുടെ കാവലാളായ എം. ക്രിസ്റ്റഫർ (54) വിടവാങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് നഷ്ടമാകുന്നത് വേറിട്ടൊരു കർമ്മപഥം തെരഞ്ഞെടുത്ത സംരംഭകനെയാണ്.
പാലിയേക്കര ചെമ്പകസദനം വീട്ടിലെ താമസക്കാരനായ ക്രിസ്റ്റഫർ, സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് ഔദ്യോഗിക അംഗീകാരമുള്ള 37 ഏജൻസികളിൽ ഒന്നായ തിരുവല്ലയിലെ ക്രിസ് ഗ്ലോബലിന്റെ അമരക്കാരനായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ കംപ്യൂട്ടർ ഇ-മാലിന്യങ്ങൾ വരെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും അവയ്ക്ക് വിപണി മൂല്യം കണ്ടെത്താനും അദ്ദേഹം കാണിച്ച മികവ് സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു.
മുൻ സംസ്ഥാന ശുചിത്വ മിഷൻ മേധാവി ഡോ. കെ.
വാസുകി ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ ക്രിസ്റ്റഫറിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. പഴയ ടയറുകൾ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങളിലൂടെയാണ് അദ്ദേഹം ഈ മേഖലയിൽ സജീവമായത്.
മാലിന്യങ്ങൾ കത്തിക്കുകയോ ജലാശയങ്ങളിലേക്ക് തള്ളുകയോ ചെയ്യുന്ന പ്രവണതയ്ക്ക് ബദലായി, ശരിയായ സംസ്കരണത്തിലൂടെ അവയെ സമ്പത്താക്കി മാറ്റാമെന്ന് അദ്ദേഹം തെളിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലോറികളിൽ തിരുവല്ലയിലെ കുപ്പിച്ചില്ലുകൾ മധുരയിലേക്കും ഹൈദരാബാദിലേക്കും അയച്ച് പുതിയ ഉൽപന്നങ്ങളാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
നൂറോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി ക്രിസ് ഗ്ലോബൽ പിന്നീട് വളർന്നു. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റഫറിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി മാലിന്യത്തിന്റെ കൃത്യമായ ഡേറ്റാബേസ് തയ്യാറാക്കിയ നഗരമായി തിരുവല്ല മാറി.
2024-ൽ മാത്രം തിരുവല്ലയിൽ നിന്ന് 39 ടൺ കുപ്പിച്ചില്ലുകളും 86 ടൺ പാഴ്പ്ലാസ്റ്റിക്കും അദ്ദേഹം സംസ്കരണത്തിനായി അയച്ചു. ആകെ 1343 ടൺ മാലിന്യമാണ് ക്രിസ് ഗ്ലോബൽ വഴി കൈകാര്യം ചെയ്തത്.
പുനഃചംക്രമണം സാധ്യമല്ലാത്ത തെർമോക്കോൾ, ചെരുപ്പുകൾ തുടങ്ങിയവ സിമന്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാനും അദ്ദേഹം മുൻകൈ എടുത്തു. മാരാമൺ കൺവെൻഷൻ സീസണുകളിലെ മാലിന്യ നിർമാർജനത്തിൽ ഡോ.
യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നു. ജില്ലയിലെ മാലിന്യ സംസ്കരണ മാതൃകയെക്കുറിച്ച് പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളന വേദിയിൽ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.
നഗരസഭകൾക്ക് ശുചിത്വ പുരസ്കാരങ്ങൾ ലഭിക്കുന്നതിൽ ക്രിസ്റ്റഫറിന്റെ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ക്രിസ്റ്റഫർ അവശേഷിപ്പിച്ചു പോയ മാതൃകകൾ പിന്തുടരാൻ പുതിയ തലമുറ സംരംഭകർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

