പുണെയിൽ യുവവ്യവസായി കേതൻ അഗർവാൾ വധക്കേസിൽ പ്രതികളായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും തെളിവുകൾ നശിപ്പിക്കുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ ഒളിപ്പിച്ചുവയ്ക്കുകയും, സിസിടിവി ദൃശ്യങ്ങളിൽ മുഖം തിരിച്ചറിയാതിരിക്കാൻ ചേതൻ ചൗധരി വസ്ത്രം ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രതിയുടെ ഈ തന്ത്രങ്ങളെ ഫൊറൻസിക് ശാസ്ത്രത്തിന്റെ സഹായത്തോടെ പൊലീസ് അതിജീവിച്ചു. കുറ്റാന്വേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഗെയ്റ്റ് അനാലിസിസ് (Gait Analysis) എന്ന ശാസ്ത്രീയ മാർഗത്തിലൂടെയാണ് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സാധിച്ചത്.
എന്താണ് ഗെയ്റ്റ് അനാലിസിസ്? സാധാരണയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ സിസിടിവി ക്യാമറകളെ ഭയന്ന് മുഖം മറയ്ക്കാറുണ്ട്. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ പ്രതികളുടെ നടത്തത്തിലെ സവിശേഷതകൾ വിശകലനം ചെയ്തുകൊണ്ടാണ് അന്വേഷണ സംഘം കുറ്റവാളികളെ കണ്ടെത്തുന്നത്.
ഓരോ വ്യക്തിക്കും തനതായ നടത്ത രീതിയുണ്ട്. നടക്കുമ്പോൾ ശരീരത്തിന്റെ ചലനങ്ങൾ, കാലുകൾ നീട്ടി വയ്ക്കുന്ന രീതി, നടത്തത്തിന്റെ വേഗത, കൈകളുടെ ചലനം തുടങ്ങിയവയെല്ലാം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
ഈ സവിശേഷതകളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഫോറൻസിക് വിദഗ്ധർ വിശകലനം ചെയ്യുന്നു. സംശയമുള്ള വ്യക്തികളെ കസ്റ്റഡിയിലെടുത്ത ശേഷം അവരുടെ നടത്തവും സിസിടിവി ദൃശ്യങ്ങളിലെ പാറ്റേണുകളും തമ്മിൽ താരതമ്യം ചെയ്യും.
നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടി ഉപയോഗിക്കുന്നതോടെ ബയോമെട്രിക് സവിശേഷതകൾ വേർതിരിച്ചെടുക്കുന്നത് കൂടുതൽ കാര്യക്ഷമമായി മാറിയിട്ടുണ്ട്. കേസുകളിൽ ഗെയ്റ്റ് അനാലിസിസിന്റെ പങ്ക് ഇന്ത്യയിൽ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഈ സാങ്കേതികവിദ്യ നിർണായക തെളിവായി മാറിയിട്ടുണ്ട്.
2017-ൽ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ രീതി സഹായകമായിരുന്നു.
കൃത്യസമയത്ത് ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി പരശുറാം വാഗ്മോറിനെ പിടികൂടിയ ശേഷം അദ്ദേഹത്തിന്റെ നടത്തരീതി സിസിടിവി ദൃശ്യങ്ങളുമായി താരതമ്യം ചെയ്തായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. എങ്കിലും, നിയമപരമായ നടപടികളിൽ ഗെയ്റ്റ് അനാലിസിസ് മാത്രം ഏക തെളിവായി കണക്കാക്കണമെന്ന വാദം കോടതിയിൽ നിലനിൽക്കണമെന്നില്ല.
മറ്റ് ശാസ്ത്രീയ തെളിവുകൾക്കും സാക്ഷിമൊഴികൾക്കുമൊപ്പം കേസിന്റെ ബലം വർധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ മാർഗമായാണ് ഇതിനെ പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

