ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ശീതളപാനീയ ബ്രാൻഡായ കോക്ക കോള. രാജ്യത്തെ ബോട്ട്ലിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സ് (എച്ച്സിസിഎച്ച്), അടുത്ത വർഷത്തോടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി ബിഎസ്ഇ, എൻഎസ്ഇ എന്നീ ഓഹരി വിപണികളിൽ കമ്പനിയെ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിലവിൽ എച്ച്സിസിഎച്ച് കമ്പനിയിൽ കോക്ക കോളയ്ക്ക് 60 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ബാക്കി 40 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ജൂബിലന്റ് ഭാരതി ഗ്രൂപ്പിന് കൈമാറിയിരുന്നു. 1997-ൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറിജസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 14 ബോട്ട്ലിങ് പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
കോക്ക കോള, തംസപ്പ്, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ പ്രശസ്തമായ പാനീയങ്ങൾ ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്.
വിപണിയിലെ വർധിച്ചുവരുന്ന മത്സരസാഹചര്യങ്ങൾ കണക്കിലെടുത്താണ് കമ്പനി ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇന്ത്യൻ ഐപിഒ വിപണിയിൽ വലിയ ഉണർവാണ് പ്രകടമാകുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് മന്ദഗതിയിലായിരുന്ന വിപണിയിൽ പുതിയ ഐപിഒകളുടെ വരവ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ജൂൺ മാസത്തിലെ ആദ്യ ഐപിഒ ഹെഗ്സാഗൺ ന്യൂട്രീഷന്റേതാണ്.
ഇതിനു പുറമെ സിഎംആർ ഗ്രീൻ ടെക്നോളജീസിന്റെ 630 കോടി രൂപയുടെ ഐപിഒയും വിപണിയിലെത്തുന്നുണ്ട്. വിപണിയിലെ ലഭ്യമായ കണക്കുകൾ പ്രകാരം, സെബി (SEBI) അനുമതി ലഭിച്ച 161 കമ്പനികളുടെ 2.42 ലക്ഷം കോടി രൂപയുടെ ഐപിഒകൾ വരും ദിവസങ്ങളിൽ വിപണിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജിയോ പ്ലാറ്റ്ഫോംസ്, എൻഎൻഇ, സെപ്റ്റോ, എസ്ബിഐ മ്യൂച്വൽഫണ്ട് തുടങ്ങിയ വമ്പൻ ഐപിഒകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 1.53 ലക്ഷം കോടി രൂപയുടെ വിവിധ ഐപിഒ അപേക്ഷകൾ സെബിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

