സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലവർധനയ്ക്ക് പിന്നാലെ മിൽമ പാലിനും തൈരിനും വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് പാൽ ലീറ്ററിന് 4 രൂപയും, തൈര് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്.
വരും ദിവസങ്ങളിൽ മറ്റ് പാൽ ഉൽപന്നങ്ങളുടെ വിലയും പുനർനിർണയിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. ഈ വിലവർധന സാധാരണക്കാരുടെ ദൈനംദിന ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
കേരളത്തിൽ പ്രതിദിനം 18.5 ലക്ഷം ലീറ്റർ പാലും 1.60 ലക്ഷം കിലോ തൈരുമാണ് വിറ്റഴിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് പെട്രോളിയം ഉൽപന്നങ്ങളുടെയും പ്ലാസ്റ്റിക് ഗ്രാന്യൂൾസിന്റെയും വിലയിലുണ്ടായ വർധന ഉൽപാദനച്ചെലവിനെ 30 ശതമാനത്തോളം ഉയർത്തിയെന്ന് മിൽമ അധികൃതർ വ്യക്തമാക്കുന്നു.
സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ പാൽ ഉൽപന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു. മിൽമയുടെ പാത പിന്തുടർന്ന് സ്വകാര്യ പാൽ വിതരണ കമ്പനികളും വില വർധനയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കർണാടക, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പാൽവില ഇതിനകം തന്നെ ലീറ്ററിന് 6 മുതൽ 10 രൂപ വരെ കൂടുതലാണ്. മിൽമ ഉൽപന്നങ്ങളുടെയും ഗ്യാസ് സിലിണ്ടറിന്റെയും വിലവർധന നേരിട്ട് ബാധിച്ചത് ഹോട്ടൽ ഭക്ഷണ മേഖലയെയാണ്.
ചായ, കാപ്പി എന്നിവയ്ക്ക് 2 മുതൽ 3 രൂപ വരെയും, ലഘുഭക്ഷണങ്ങൾക്ക് 3 രൂപ വരെയും വർധനവുണ്ടായിട്ടുണ്ട്. ഊണിന് 5 മുതൽ 10 രൂപ വരെയും, നെയ്റോസ്റ്റ്, മസാലദോശ തുടങ്ങിയ വിഭവങ്ങൾക്ക് 2 മുതൽ 5 രൂപ വരെയും വർധന വരുത്തിയിട്ടുണ്ട്.
ബിരിയാണിയുടെ വിലയിൽ 10 രൂപയുടെ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ ഭയന്ന് പല ഹോട്ടലുകളും വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാണ്.
ഈ സാഹചര്യത്തെക്കുറിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ പ്രതികരിച്ചത് ഇങ്ങനെയാണ്: “സിലിണ്ടർ വിലയും പാൽവിലയും കൂട്ടിയത് ഹോട്ടൽ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി.
ഹോട്ടൽ ഭക്ഷണത്തിന്റെ വില ഒരു പരിധിയിലധികം വർധിപ്പിക്കാൻ കഴിയില്ല. ഇതിനു പുറമേ തൊഴിലാളി ക്ഷാമവും ഹോട്ടൽ മേഖലയെ വരിഞ്ഞുമുറുക്കുകയാണ്’’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

