
എമ്പുരാൻ: റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു; ആകെ 38 മാറ്റം, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ‘’ സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോ പുതിയ പതിപ്പിലാണ് പ്രദർശനം ആരംഭിച്ചത്. പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇന്നു ലോഡ് ചെയ്യും. സിനിമയിലെ സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. പേര് ഉൾപ്പെടെ 24 മാറ്റങ്ങളാണുള്ളത്. പേരിലെ മാറ്റം ചിത്രത്തിൽ 14 ഇടങ്ങളിലുണ്ട്. ഇത്തരത്തിൽ വിശദമായി കണക്കുകൂട്ടുമ്പോൾ മൊത്തം 38 ഇടങ്ങളിൽ മാറ്റമുണ്ട്.
ദൃശ്യങ്ങളിൽ 13 വെട്ടും വർഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിലാണ്. ഇവിടെ കൃത്യം കാലഘട്ടം പരാമർശിക്കുന്നതു മാറ്റി ‘കുറച്ചുവർഷങ്ങൾക്കു മുൻപ്’ എന്നാക്കി. കലാപ ഭാഗത്തെ ഒരു കൊലപാതക ദൃശ്യവും പ്രധാന വില്ലൻ ഉൾപ്പെട്ട 2 ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്നങ്ങളുടെ പശ്ചാത്തലമുള്ള സീനുകളും ഒഴിവാക്കി. ആദ്യ പകുതിയിൽ വില്ലനും മുഖ്യ സഹായിയും തമ്മിലുളള സംഭാഷണത്തിലെ 13 സെക്കൻഡും വെട്ടി.
സിനിമയിൽ വില്ലൻ കഥാപാത്രത്തിന്റെ പേരു മാറ്റി. ‘ബാബ ബജ്റംഗി’ എന്ന ബൽരാജ് എന്ന പേര് പരാമർശിക്കുന്ന ഇടങ്ങളിൽ ‘ബൽദേവ്’ എന്നാണു മാറ്റം വരുത്തിയിരിക്കുന്നത്. തുടക്കത്തിലെ നന്ദികാർഡിൽനിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെയും പേര് ഒഴിവാക്കി. പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. കേന്ദ്ര ഏജൻസിയായ എൻഐഎയെക്കുറിച്ചു പറയുന്നിടത്ത് ശബ്ദം മ്യൂട്ട് ചെയ്തു. വാഹനത്തിൽ എൻഐഎയുടെ ബോർഡ് കാണിക്കുന്ന ദൃശ്യവും ഒഴിവാക്കി.
ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സംഘപരിവാർ കേന്ദ്രങ്ങളിൽനിന്നുള്ള പ്രതിഷേധത്തെത്തുടർന്നാണ് നിർമാതാക്കൾ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയത്. അവധിദിനമായിരുന്നിട്ടും ഞായറാഴ്ച റീ–എഡിറ്റഡ് പതിപ്പ് കണ്ട് സെൻസർ ബോർഡ് പുതിയ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.