
2014 ൽ ജയിൽ ഡിജിപി സ്ഥാനത്ത് നിന്ന് പോകുമ്പോൾ അവസാനമെടുത്ത കണക്കനുസരിച്ച് കേരളത്തിലെ ജയിലുകളിൽ കുറ്റവാളികളായ 998 പേരുണ്ടായിരുന്നുവെന്ന് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. അതിൽ ഏതാണ്ട് അറുന്നൂറോളം പേർ വിചാരണയിലായിരുന്നു. 218 പേർ ശിക്ഷ കിട്ടിയവരാണ്. എന്നാൽ അന്നത്തെ 998 എന്ന നമ്പർ കഴിഞ്ഞ വർഷങ്ങളിൽ അഭൂതപൂർവ്വമായി വർധിക്കുകയും അത് 2500-3000 വരെ എത്തുകയും ചെയ്തു. സർവ്വീസിലിരിക്കുന്ന കാലത്ത് കഞ്ചാവ് എസ്റ്റേറ്റ് കണ്ടിട്ടുണ്ടെന്നും അവിടെ തോക്കുധാരികളായ ആളുകൾ നിന്നിരുന്നുവെന്നും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഏഷ്യാനെറ്റ് ലഹരി വിരുദ്ധ ലൈവത്തോണിൽ പ്രതികരിച്ചു.1986 ൽ കട്ടപ്പന എഎസ്പിയായിരുന്ന കാലത്തെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.
മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ പ്രതികരണമിങ്ങനെ…
“കഞ്ചാവ് എസ്റ്റേറ്റ് അവിടെയുണ്ടെന്ന് മനസിലായി. ഞാനൊരു ജീപ്പിൽ കുറേ പൊലീസുമായി കഞ്ചാവ് പിടിക്കാനായി പോയി. പോവുമ്പോൾ രണ്ട് സൈഡിലും കഞ്ചാവ് മാടക്കട വിറ്റു കൊണ്ടിരിക്കുകയായിരുന്നു. ഇത് പിടിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേയെന്ന് ഞാൻ പൊലീസിനോട് ചോദിച്ചു. അപ്പോൾ സാറിനീ സ്ഥലമൊന്നും അറിയില്ല അല്ലേ, ഇതൊന്നും പിടിക്കാൻ പോകല്ലേ അപകടമാണെന്ന് പറഞ്ഞു. എന്നാൽ ലൊക്കേഷൻ കിട്ടിയ കഞ്ചാവ് എസ്റ്റേറ്റിലേക്ക് നാല് പൊലീസുകാരും ചേർന്ന് നടന്ന് കയറാൻ തുടങ്ങി. അപ്പോൾ 9 തോക്കുധാരികളായ ആളുകൾ ഓരോ തട്ടിലായി നിൽക്കുകയായിരുന്നു. അതിലൊരാൾ നടന്ന് എന്റെയടുത്ത് വന്നു. സാറേ, സാറൊരു നല്ല മനുഷ്യനാണ് ഞങ്ങൾക്കറിയാം. സാറിന്റെ കയ്യിൽ ഒരു തോക്കല്ലേയുള്ളൂ. ഞങ്ങളുടെ കയ്യിൽ 9 തോക്കുണ്ട്. സാറിന് ഞങ്ങളോട് മത്സരിച്ചാൽ വിജയിക്കാൻ പറ്റുമോ? സാറ് മടങ്ങിപ്പോണം. സാറിനുള്ള ട്രാൻസ്ഫർ ഓർഡർ കട്ടപ്പന എഎസ്പി ഓഫീസിൽ ഇരിക്കുന്നുണ്ട്. അത് മേടിക്കണം. മൊബൈൽ ഫോണില്ലാത്ത കാലത്ത് മലയുടെ മുകളിൽ നിൽക്കുന്ന അയാൾക്ക് എന്നെ ട്രാൻസ്ഫർ ചെയ്ത് ഓർഡർ എത്തിയെന്ന് അറിയാമായിരുന്നു. താഴെ വന്ന് ഔട്ട് പോസ്റ്റിൽ തങ്കമണി ഔട്ട്പോസ്റ്റ് കത്തിയമരുന്ന കാലം വിദൂരമല്ലെന്ന് ഞാനെഴുതി. എന്നാൽ 21 ദിവസങ്ങൾക്ക് ശേഷം തങ്കമണി സംഭവത്തിൽ ആ ഔട്ട്പോസ്റ്റ് കത്തിയമർന്നു.” – മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]