ലഖ്നൗ: വ്യാജ പാൻകാർഡ് കേസിൽ ജയിൽ മോചിതനായ മുൻ ഉത്തർപ്രദേശ് മന്ത്രി ആസം ഖാൻ വീണ്ടും കസ്റ്റഡിയിൽ. കുഴൽപണ ഇടപാട് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
രണ്ട് പാൻകാർഡുകൾ കൈവശം വെച്ച കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് 11 മാസത്തിലേറെ നീണ്ട തടവിന് ശേഷമാണ് ആസം ഖാൻ ജയിൽ മോചിതനായത്.
എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ കേന്ദ്ര ഏജൻസി അദ്ദേഹത്തെ നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച മകൻ അബ്ദുല്ല അസം ഒപ്പമുള്ളപ്പോഴാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്.
“മുസ്ലീം ആയതിനുള്ള ശിക്ഷയാണിത്” എന്നായിരുന്നു അറസ്റ്റിന് പിന്നാലെ ആസം ഖാൻ പ്രതികരിച്ചത്. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
റാംപൂരിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ നിർമാണവുമായി ബന്ധപ്പെട്ട് 416.14 കോടി രൂപയുടെ കണക്കിൽപ്പെടാത്ത ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, ഒക്ടോബർ 14ന് ആസം ഖാൻ, മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റ് എന്നിവർക്കെതിരെ ഇഡി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജയിലിൽ വെച്ച് ആസം ഖാനെ ചോദ്യം ചെയ്ത ശേഷമായിരുന്നു ഈ നടപടി.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആസം ഖാനെ ഗാസിയാബാദിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

