ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് പോലീസ് ബലമായി പിടിച്ചുനിർത്താൻ ശ്രമിച്ചത് അപകടത്തിൽ കലാശിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പരിക്കേറ്റ യുവാവ് ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചു.
പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇരുചക്ര വാഹനം തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനവും യാത്രക്കാരും റോഡിൽ വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തൃക്കുന്നപ്പുഴയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പരിക്കേറ്റ ജയൻ പറഞ്ഞു. ഹെൽമെറ്റ് ഇല്ലാതിരുന്നതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം സമ്മതിച്ചു.
എന്നാൽ അപകടത്തിൽ പരിക്കേറ്റ തങ്ങളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാതെ പോലീസ് സംഭവസ്ഥലത്തുനിന്ന് മടങ്ങിയെന്നും, ഇതേത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ജയൻ വ്യക്തമാക്കി. പോലീസിന്റെ ബലപ്രയോഗത്തെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഹരിപ്പാട് ജനറൽ ആശുപത്രിയിലെ രേഖകളിലും സൂചിപ്പിച്ചിട്ടുണ്ട്.
മദ്യവിൽപ്പനശാലയുടെ പരിസരത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പരിശോധന നടത്താറുണ്ടെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തൃക്കുന്നപ്പുഴ പോലീസ് തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

