ഭക്ഷണശാലകളിൽ ഒരേ പാചക എണ്ണ തന്നെ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കർശന നടപടികൾ ആരംഭിച്ചു. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ പ്രത്യേക പരിശോധനയാണ് നടപ്പിലാക്കി വരുന്നത്.
ആരോഗ്യമന്ത്രി കെ.മുരളീധരൻ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്റ്റംബർ 29, 30 തീയതികളിൽ നടത്തിയ സംസ്ഥാനവ്യാപക പരിശോധനയിൽ ആകെ 1,834 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ 74 സ്ഥാപനങ്ങളുടെ പ്രവർത്തനം അധികൃതർ താൽക്കാലികമായി നിർത്തിവയ്പ്പിച്ചു. കൂടാതെ, നിലവാരം കുറഞ്ഞതും ആവർത്തിച്ച് ഉപയോഗിച്ചതുമായ 1436.4 ലീറ്റർ പാചക എണ്ണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
ഇതിനുപുറമേ, ചട്ടങ്ങൾ ലംഘിച്ച 19 സ്ഥാപനങ്ങൾക്കെതിരെ ഗുണനിലവാര നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതിനായുള്ള ശുപാർശയും നൽകിയിട്ടുണ്ട്. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും പരിശോധന കേന്ദ്രീകരിച്ചത്.
വൻതോതിൽ എണ്ണ പലഹാരങ്ങളും വറുത്ത ഭക്ഷ്യവിഭവങ്ങളും തയാറാക്കുന്ന ഇത്തരം ഇടങ്ങളിൽ ആരോഗ്യശാസ്ത്രപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയത്. എണ്ണ ആവർത്തിച്ച് ചൂടാക്കുമ്പോഴുണ്ടാകുന്ന ഗുണനിലവാരത്തകർച്ചയുടെ അളവുകോലാണ് ടി.പി.സി (Total Polar Compounds).
നിലവിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ടി.പി.സി അളവ് 25 ശതമാനത്തിൽ കൂടുതൽ ഉള്ള പാചക എണ്ണ വീണ്ടും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ രാസവിഘടനം സംഭവിച്ച് പോളാർ സംയുക്തങ്ങൾ ഉൾപ്പെടെയുള്ള ഹാനികരമായ വിഘടന ഉൽപ്പന്നങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ ഗുണനിലവാരം പൂർണ്ണമായും നഷ്ടപ്പെട്ട എണ്ണ ഉപഭോക്താക്കൾക്കായി തുടർച്ചയായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
വലിയ അളവിൽ പാചക എണ്ണ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും എണ്ണയുടെ ഉപയോഗം, അളവ്, അതിൻ്റെ നിർമാർജനം എന്നിവ സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതാണ്. കൂടാതെ, ഉപയോഗിച്ചുകഴിഞ്ഞ എണ്ണ ബയോഡീസൽ നിർമ്മാണത്തിനായി അംഗീകൃത ഏജൻസികൾക്ക് കൈമാറണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

