സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടെ എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ലിന്റെ കരട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം, സംസ്ഥാനത്തിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ട് രാഷ്ട്രപതി അയച്ച കരടു ബില്ലിലെ വ്യവസ്ഥകളാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ അവതരിപ്പിച്ചത്.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത്തരമൊരു നടപടി ഇതാദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തിൽ ‘കേരളം’ എന്ന് അഭിസംബോധന ചെയ്യുമ്പോഴും, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ഇംഗ്ലീഷിൽ ‘കേരള’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഈ അന്തരത്തിന് പരിഹാരം കാണണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
തുടർന്ന് കേന്ദ്രമന്ത്രിസഭ പേരുമാറ്റത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. രാഷ്ട്രപതി അയച്ച കരടു ബില്ലിലെ പത്ത് വകുപ്പുകളും നിയമസഭ വിശദമായി പരിശോധിച്ച ശേഷം അംഗീകരിച്ചു.
ഈ തീരുമാനം ഔദ്യോഗികമായി രാഷ്ട്രപതിക്ക് സമർപ്പിക്കും. തുടർന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഔദ്യോഗിക ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നതോടെ, ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരികയും സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ഔദ്യോഗികമായി ‘കേരളം’ എന്ന് മാറുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

