
കസ്റ്റഡി മരണം: യുവാവിന്റെ ശരീരത്തിൽ പത്തിലേറെ പരുക്ക്; ഹൈക്കോടതി കേസെടുത്തു
ചെന്നൈ ∙ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അറസ്റ്റിലായ നിരായുധനായ ഒരാളെ എന്തിനാണ് ആക്രമിച്ചതെന്നു ഹൈക്കോടതി ചോദിച്ചു. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമുണ്ടായ 24 ലോക്കപ്പ് മരണങ്ങളെക്കുറിച്ചു വിശദീകരണം വേണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
സർക്കാർ അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടതോടെ കേസ് ഇന്നത്തേക്കു മാറ്റി.
കേസിൽ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, മരിച്ച അജിത് കുമാറിന്റെ മൃതദേഹത്തിൽ പത്തിലേറെ പരുക്കുകളുണ്ടെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
മജിസ്ട്രേട്ട് സ്ഥലം സന്ദർശിച്ചു തെളിവെടുത്തു. മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആക്രമിച്ച പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം മജിസ്ട്രേട്ടിനു നിവേദനം നൽകി. ശിവഗംഗ ജില്ലയിലെ മടപ്പുറം ഗ്രാമത്തിൽ മൃതദേഹം സംസ്കരിച്ചു.
യുവതിയുടെ കാറിൽ നിന്ന് 9 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിലാണ് തിരുപ്പുവനത്തിനടുത്തെ മദപുരം ക്ഷേത്രത്തിൽ താൽക്കാലിക സുരക്ഷാ ജീവനക്കാരനായ അജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷയം ഡിഎംകെ സർക്കാരിനെ സമ്മർദത്തിലാക്കിയതോടെ, മുഖ്യമന്ത്രി പൊലീസ് ഉന്നതരുടെ യോഗം വിളിച്ചു.
പിന്നാലെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]