കൊച്ചി: കടലിൽ ചൂട് കൂടിയതോടെ മത്തി പോലുള്ള മത്സ്യങ്ങൾ കേരള തീരം വിടുന്നു. ചൂട് കുറഞ്ഞ ഇടങ്ങളിലേക്കാണ് പോക്ക്. കാലാവസ്ഥയടക്കമുള്ള മാറ്റങ്ങളാണ് പ്രധാന കാരണം. സൂ പ്ലാംഗ്ടൻ, ചെമ്മീൻ ലാർവകൾ, മത്സ്യ മുട്ടകൾ, ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വലിപ്പവും കുറഞ്ഞു. ഇത്തരം മത്തിക്ക് കേരളത്തിൽ ഡിമാൻഡില്ല. ഇതേത്തുടർന്ന് തുച്ഛമായ നിരക്കിൽ ഇവയെ തമിഴ്നാട്ടിലെ കോഴിത്തീറ്റ, മത്സ്യത്തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്.
വലിപ്പമില്ലാത്ത മത്തി പിടിക്കാൻ ഇൻബോർഡ് വള്ളങ്ങൾ കടലിൽ പോകുന്നില്ല. ഒരു തവണ വള്ളമിറക്കാൻ 30,000 രൂപയിലേറെ ചെലവാകും. ഡിമാൻഡില്ലാത്തതിനാൽ നഷ്ടം സഹിക്കേണ്ടെന്ന നിലപാടിലാണ് വള്ളക്കാർ. കടകളിൽ ഒന്നര കിലോയ്ക്ക് 100 രൂപ വരെയായി വിലയിടിഞ്ഞു.
2012ൽ 3,99,786 ടൺ മത്തി ലഭിച്ചിരുന്നത് 2021ൽ 3,297 ടൺ മാത്രമായി. 2022ലും (1,01,000 ടൺ) 2023ലും (1,38,000) മത്തി തിരിച്ചുവരവ് കാണിച്ചിരുന്നു. കേരളത്തിലെ 2014ലെ മൊത്ത മത്സ്യലഭ്യത 5.76 ലക്ഷം ടണ്ണായിരുന്നു. 2015ൽ അത് 16 ശതമാനം കുറഞ്ഞ് 4.82 ലക്ഷം ടണ്ണായി.
ആകെ മത്സ്യോത്പാദനം – മത്തി ഉത്പാദനം
(വർഷം, മൊത്തം മത്സ്യോത്പാദനം, മത്തി എന്ന കണക്കിൽ (ടണ്ണിൽ)
2012………….8,39,185………….3,99,786
2013………….6,71,361………….2,46,841
2014………….5,75,644………….1,55,287
2015………….4,82,499………….68,431
2016………….5,22,550………….48,958
2017………….5,84,686………….1,26,988
2018………….6,42,580………….77,098
2019………….5,43,836………….44,320
2020………….3,60,807………….43,154
2021………….ലഭ്യമല്ല……………3,297
2022………….ലഭ്യമല്ല……………1,01,000
2023………….ലഭ്യമല്ല……………1,38,000
‘മത്തിലഭ്യതയിൽ എങ്ങനെ ഇത്രയും കുറവ് വന്നുവെന്ന് പഠിക്കണം. സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു”.
– ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ് മത്സ്യത്തൊഴിലാളി ഐക്യവേദി
‘മത്തിയുടെ വലിപ്പത്തിലെ കുറവ്, പൂർണ വളർച്ചയെത്തിയോ എന്നുള്ളത് ഉൾപ്പെടെ പഠിക്കുന്നതിന് സി.എം.എഫ്.ആർ.ഐ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതിനു ശേഷം ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിശദീകരിക്കും”.
– ഗ്രിൻസൺ ജോർജ്, ഡയറക്ടർ, സി.എം.എഫ്.ആർ.ഐ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]