മാതാവിനെ തലയ്ക്കടിച്ചു കൊന്നശേഷം ഇതു എന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് ആക്രോശിക്കുന്ന കൗമാരപ്രായക്കാരൻ. മൊബൈൽഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെങ്കിൽ ‘പുറത്തിറങ്ങിയാൽ തട്ടിക്കളയും’ എന്ന് പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർഥി. ലഹരിവസ്തുക്കളുടെ സ്വാധീനത്തിൽ വീട്ടുകാരെ മർദിക്കുന്ന വിദ്യാർഥികൾ.. മുൻപെങ്ങുമില്ലാത്ത വിധം വിദ്യാർഥികൾക്കിടയിൽ അക്രമവാസന കൂടിവരികയാണ്.
കൽപറ്റ ∙ ‘കയ്യ് താഴെയിറക്കെടാ, മര്യാദയ്ക്ക് ഇറക്കിക്കോ, പത്തുവരെ എണ്ണും, താഴെ ഇറക്കിയില്ലെങ്കിൽ കിടിലൻ അടിയായിരിക്കും ഇവിടെ, ഒന്ന്, രണ്ട്, മൂന്ന്’… നാലെന്ന് എണ്ണും മുൻപേ ആ 16 വയസ്സുകാരന്റെ ചെവിക്ക് ഇടി കിട്ടി, പിന്നെ തലങ്ങു വിലങ്ങും അടി, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി കഴുത്തിനു പിടിച്ചു കുനിച്ചുനിർത്തി കൊടുക്കുന്നു, മറ്റൊരുത്തൻ ക്രൂരമായി മർദിക്കുന്നു, കാലുപിടിപ്പിച്ച് മാപ്പുപറയിപ്പിക്കുന്നു….. കഴിഞ്ഞ ദിവസം കൽപറ്റ നഗരമധ്യത്തിൽ നിന്ന് കഷ്ടിച്ച് 500 മീറ്റർ മാത്രം ദൂരെ ആളൊഴിഞ്ഞ പറമ്പിൽ നടന്ന ക്രൂരമർദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ നിന്നുള്ളതാണിത്.
മോശം വാക്ക് വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൗമാരക്കാരനെ 2 വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചത്.
കൂടെയുണ്ടായിരുന്ന ഒരു വിദ്യാർഥി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. ഇൗ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്.
തുടർന്നു കുട്ടിയുടെ പിതാവ് കൽപറ്റ പൊലീസിൽ പരാതി നൽകി. പിന്നാലെ, സംഭവത്തിൽ ഉൾപ്പെട്ട
3 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ പ്രായപൂർത്തിയായ, കൽപറ്റ മെസ് ഹൗസ് റോഡ് സ്വദേശി മുഹമ്മദ് നാഫിയെ (18) റിമാൻഡ് ചെയ്തു.
പരാതി ഉയർന്നതോടെ നാഫിയെ വീട്ടുകാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ പൊലീസ് ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പിടികൂടുകയുമായിരുന്നു. അന്യായമായി ഒരാളെ ഒന്നിലധികം പേർ ആയുധങ്ങളും മറ്റും ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മർദിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മറ്റുള്ളവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസലിങ് ഉൾപ്പെടെയുള്ള നടപടികൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.
വീണ് പരുക്കേറ്റെന്നാണ് കൗമാരക്കാരൻ വീട്ടുകാരോട് ആദ്യം പറഞ്ഞത്. പിന്നീട് ഈ ദൃശ്യം പ്രചരിച്ചതോടെയാണ് വീട്ടുകാർ മർദനമേറ്റ വിവരമറിയുന്നത്. മർദനത്തിൽ ചെവിക്കും തോളിനും പരുക്കേറ്റ അവൻ കൽപറ്റയിലെ ആശുപത്രിയിൽ ചികിത്സ തേടി.
ഇതേ വിദ്യാർഥി സംഘം മറ്റൊരു കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്രൂരത വൈത്തിരിയിലും
16 വയസ്സുകാരൻ ക്രൂരമർദനത്തിനിരയായതിന്റെ ഞെട്ടൽ മാറുംമുൻപേ, വൈത്തിരിയിൽ സ്കൂൾ ബസിൽ വച്ച് 5–ാം ക്ലാസുകാരനെ കൈ തല്ലിയൊടിച്ചെന്ന വാർത്തയുമെത്തി. പൊഴുതന സ്വദേശിയായ, വൈത്തിരിയിലെ ഒരു സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിക്കാണ് കഴിഞ്ഞ 21ന് വൈകിട്ടു സ്കൂളിൽ ബസിൽ വച്ച് മർദനമേറ്റത്. മർദനത്തിൽ കുട്ടിയുടെ വലതു കൈയ്ക്ക് പൊട്ടലുണ്ടായി.
ഉച്ചത്തിൽ സംസാരിച്ചെന്ന് ആരോപിച്ച് 6–ാം ക്ലാസുകാരനായ വിദ്യാർഥിയാണ് മർദിച്ചതെന്നാണ് പരുക്കേറ്റ കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മർദനവിവരം മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണു പൊലീസ് കേസെടുക്കാൻ പോലും തയാറായതെന്നു കുടുംബം പറയുന്നു. ബസിൽ വച്ച് കുട്ടികളിൽ നിന്ന് നിരന്തരം മർദമേൽക്കാറുണ്ടെന്ന് അഞ്ചാംക്ലാസുകാരൻ പറയുന്നു.
പരാതി പറയുമ്പോൾ, ‘വേണമെങ്കിൽ സ്കൂൾ മാറിപ്പൊക്കോളൂ എന്നതാണ് അധ്യാപകരുടെ നിലപാടെന്നും കുടുംബം പറയുന്നു.
നമ്മുടെ കുട്ടികൾക്ക് ഇതെന്തു പറ്റി
കഴിഞ്ഞ കുറേനാളുകളായി വിദ്യാർഥി കൗമാരം കലുഷിതമാണ്. കോവിഡ് കാലത്തിനുശേഷം പലരിലും ഉൾവലിയൽ സ്വഭാവവും അക്രമവാസനയും വർധിച്ചു.
ലോക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം പലരെയും സമൂഹത്തിൽനിന്ന് ഏറെ അകറ്റുകയും മൊബൈൽഫോണിലേക്കു ലോകത്തെ പറിച്ചുനടുകയും ചെയ്തു. പല തിന്മകളും കുട്ടികളിലേക്കു വേഗത്തിലെത്താൻ സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം ഇടയാക്കിയതായും അധ്യാപകർ പറയുന്നു.
പണ്ടൊക്കെ സ്കൂളുകളിലെ പതിവു ശിക്ഷ അടിയായിരുന്നു. എത്ര വേദനയുള്ള ചൂരൽക്കഷായമാണെങ്കിലും ആ വേദന മായുമ്പോൾ ശിക്ഷയുടെ കാഠിന്യവും മനസ്സിൽ നിന്നു മാഞ്ഞുപോകുമായിരുന്നു.
പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി.
ശിക്ഷിക്കുന്ന അധ്യാപകർക്കു നേരെ പല വിദ്യാർഥികളും തിരിയാൻ തുടങ്ങി. പുറത്തിറങ്ങിയാൽ തീർത്തുകളയുമെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ചില വിദ്യാർഥികൾ.
അതുകൊണ്ടുതന്നെ വിദ്യാർഥികൾ തെറ്റു ചെയ്താലും കണ്ടില്ലെന്ന് നടിക്കേണ്ട ഗതികേടിലാണ് തങ്ങളിൽ ഭൂരിഭാഗവുമെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികൾ തമ്മിലുള്ള നിസ്സാര തർക്കങ്ങൾ പോലും ക്വട്ടേഷൻ സ്റ്റൈലിലുള്ള സംഘർഷത്തിലേക്ക് വഴിമാറി കൊണ്ടിരിക്കുകയാണ്.
കുട്ടികൾക്കിടയിലെ കൊച്ചു പിണക്കങ്ങൾ പോലും ഗുണ്ടാ സ്റ്റൈലിൽ ക്വട്ടേഷൻ കൊടുത്ത് തല്ലിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. ഇത്തരത്തിൽ തമ്മിലടിച്ചുള്ള മൽപിടിത്തങ്ങൾക്ക് സ്കൂളുകളും സാക്ഷിയാവുന്നുണ്ട്.. ഇത് ഒതുക്കി തീർക്കുന്ന രീതിയും കുറവല്ല.
രക്ഷിതാക്കൾ ജാഗ്രത പാലിക്കുക. കഴിയുന്നിടത്തോളം കുട്ടികളെ (പ്ലസ്ടു ആണെങ്കിൽ പോലും) സ്കൂളിൽ കൊണ്ടുവിടുകയും സമയത്തു കൂട്ടുകയും ചെയ്യണം.
എത്ര തല്ലു കിട്ടിയാലും കുട്ടികൾ അഭിമാനത്തെ പ്രതിയും ഭയത്താലും അതിലുപരി കൗമാരം തീർക്കുന്ന ശാരീരിക മാനസിക വിക്ഷോഭങ്ങളാലും ആരോടും പറയില്ല. ദൃക്സാക്ഷികൾ തുറന്നുപറയുകയും ചെയ്യില്ല.
ഒരുതരം നിസ്സംഗതയോ ഭയമോ വേട്ടയാടുന്ന, സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത സ്വാർഥതയിലേക്ക് വഴിമാറുന്നു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ പോലും കൃത്യമായി കേസ് ഫയൽ ചെയ്യാൻ സാധ്യതയുണ്ടെങ്കിലും ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ട് അവർ വീണ്ടും വിദ്യാലയത്തോട്, കൂട്ടുകാരോട്, അധ്യാപകരോട് നേരിട്ടും അല്ലാതെയും വെല്ലുവിളിച്ചു നെഞ്ചുവിരിച്ചു നടക്കും.
അവരുടെ ക്രൂരതയുടെ തുടർ ചക്രങ്ങൾ സ്വന്തം കുടുംബത്തിൽ തുടർക്കഥയാവുകയും ആരോടും പങ്കുവയ്ക്കാനാവാത്ത ദുരന്തപൂർണമായ അനേകം സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ നൊന്തുപ്രസവിച്ചു പാലൂട്ടിയവർ തന്നെ ശാരീരിക പീഡകൾ ഏൽക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തമായ നിലപാടെടുക്കുന്ന അധ്യാപകരും പലപ്പോഴും വിഡ്ഢികളാകുകയും വേണമെങ്കിൽ വാദി പ്രതിയാവുന്ന മാനസിക സംഘർഷത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും.സാമൂഹികവൽക്കരണം കുടുംബത്തിൽ നിന്നും തുടർന്ന് വിദ്യാലയത്തിൽനിന്നും ലഭിക്കേണ്ടതാണെന്ന വസ്തുതയോട് ചേർന്നുനിൽക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹത്തെ നിയന്ത്രിക്കുന്ന എല്ലാ മേഖലയിൽനിന്നും ഉണ്ടായേ മതിയാകൂ.
ഗ്രേസി ആന്റണി അധ്യാപിക, മുണ്ടേരി ജിവിഎച്ച്എസ്എസ്.
സമൂഹ മാധ്യമങ്ങളുടെ സ്വാധീനം നമ്മുടെ കുട്ടികളെ ഗുണപരമായും തെറ്റായ രീതിയിലും ബാധിക്കുന്നുണ്ട്.
പലപ്പോഴും സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഒരു അയഥാർഥ ലോകത്ത് നമ്മുടെ കൗമാരക്കാരായ വിദ്യാർഥികൾ കുടുങ്ങി പോകുന്ന സാഹചര്യം. കാരണം പലപ്പോഴും തെറ്റായ കാര്യങ്ങളിൽ പോലും പൊതു ബോധം ഉണ്ടാക്കി ശരിയാണെന്ന് വരുത്തി തീർക്കാനുള്ള ഇടപെടൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഉണ്ടാകാറുണ്ട്.
അത് അവരെ പലപ്പോഴും ആക്രമണോത്സുകരാക്കുന്നു. 10 ആളുകൾ കൂട്ടംചേർന്നാൽ എന്തും ചെയ്യാം എന്നുള്ള ഒരു ബോധം പലപ്പോഴും അവരെ നയിക്കുന്നുണ്ട്.
സമ്മർദങ്ങൾക്ക് കീഴ്പ്പെടുന്ന വികാര ജീവികളാക്കുന്ന സാഹചര്യവുമുണ്ട്. പലപ്പോഴും നിലവിലെ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരികമായ ഏറ്റക്കുറച്ചിലുകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെയും സ്വാധീനിക്കുന്നുണ്ട്.
ഒരേ സമയം കരുതലിന്റെയും മനഃശാസ്ത്രപരമായ ചേർത്തുപിടിക്കലിന്റെയും രീതികൾ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികളെ കണ്ടെത്താനും അവരിൽ സവിശേഷമായ ശ്രദ്ധചെലുത്താനും നമ്മൾ ആവിഷ്കരിക്കേണ്ടതുണ്ട്. സ്കൂളുകളിൽ നടക്കുന്ന പല വിഷയങ്ങളും കുട്ടികൾ തെറ്റായ രീതിയിൽ രക്ഷിതാക്കളുടെ അടുത്ത് അവതരിപ്പിക്കുന്ന രീതിയുണ്ട്.
എന്നാൽ ചില രക്ഷിതാക്കൾ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാതെ അധ്യാപകരുടെ അടുത്ത് പ്രതികരിക്കുന്ന അവസ്ഥയും ഉണ്ട്. എന്റെ കുട്ടി തെറ്റ് ചെയ്യില്ല എന്നുള്ള അമിത ആത്മവിശ്വാസത്തിന്റെ ഭാഗമാണത്.
ഇത്തരം കാര്യങ്ങളിൽ നമ്മുടെ സമൂഹവും രക്ഷിതാക്കളും പുനർവിചിന്തനം തന്നെ നടത്തേണ്ടതുണ്ട്. വിദ്യാർഥികൾക്ക് വ്യക്തമായ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ പകർന്നു നൽകുന്ന നിലയിലേക്ക് നമ്മുടെ വിദ്യാലയ അന്തരീക്ഷം മാറേണ്ടതുണ്ട്.
മാനവികത, പരസ്പര ബഹുമാനം, ജനാധിപത്യപരമായ ഇടപഴകൽ തുടങ്ങിയ ശീലങ്ങൾ വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ അധ്യാപക-രക്ഷകർതൃ കൂട്ടായ്മകൾ കൂടുതൽ ശക്തിപ്പെടുത്തണം. വീടും വിദ്യാലയവും ഗുണപരമായ സാമൂഹിക കാഴ്ചപ്പാടും ജനാധിപത്യ ബോധ്യവും മാനവിക കാഴ്ചപ്പാടും ഉയർത്തിപ്പിടിക്കുന്ന ഇടങ്ങളായി മാറ്റേണ്ടത് ഗൗരവമുള്ള ദൗത്യമായി അധ്യാപകരും രക്ഷകർത്താക്കളും ഏറ്റെടുക്കേണ്ടതുണ്ട്.
എൻ.ജെ.ഷജിത്ത് പിടിഎ പ്രസിഡന്റ്, മാനന്തവാടി ജിവിഎച്ച്എസ്എസ്.
ഇന്നത്തെ തലമുറയിലെ കുട്ടികൾക്കു മുൻ തലമുറകൾക്ക് ലഭിക്കാതിരുന്ന ഒട്ടേറെ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ ഏതു കാര്യത്തിലേക്കും അവർക്കു പ്രവേശനം സാധ്യമാണ്. പല മേഖലകളിലും സൗകര്യങ്ങൾ പലവിധത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഇതിനു തിരിച്ചടികളും ഉണ്ടെന്നതാണ് സത്യാവസ്ഥ. പുറത്ത് കളിക്കാൻ മറന്നുപോയതും പലവിധ ലഹരിവസ്തുക്കളുടെ നുഴഞ്ഞു കയറ്റം ഉണ്ടായതും ഇതേ തലമുറയിലേക്ക് തന്നെയാണ്.
പല സാഹചര്യങ്ങളിലും മാതാപിതാക്കൾക്ക് തന്നെ മാനസികാരോഗ്യ പ്രശ്നങ്ങളോ ലഹരി ഉപയോഗ പ്രശ്നങ്ങളോ അവർ തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളോ ഉണ്ടാകാറുണ്ട്. അവ ശരിയായ രീതിയിൽ പരിഹരിക്കപ്പെടാതെ പോകുമ്പോൾ അത് കുട്ടികളുടെ വ്യക്തിത്വവികസനത്തെ പ്രതികൂലമായി ബാധിക്കും.സാങ്കേതികവിദ്യയെ കൂടുതൽ ബോധപൂർവവും വിവേകപൂർവവുമായി ഉപയോഗിക്കാൻ ശീലിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. കുട്ടിക്ക് വളരാൻ വീടെന്നത് സന്തോഷകരമായ, സുരക്ഷിതമായ ഒരു ഇടമായിരിക്കണം.കായികപ്രവർത്തനങ്ങളും മറ്റു ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കണം.
ആരോഗ്യകരമായ കൂട്ടായ്മകളും വളർത്തിയെടുക്കണം.എല്ലാറ്റിനും ഉപരി അനധികൃത ലഹരിവസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം. എല്ലാ തരത്തിലുള്ള ലഹരി ഉപയോഗങ്ങളിൽ നിന്നു പൂർണമായ വിട്ടുനിൽപാണ് ലക്ഷ്യമാക്കേണ്ടത്.
ഡോ.ലക്ഷ്മി മോഹൻ സൈക്യാട്രിസ്റ്റ്, മാനന്തവാടി ഗവ.മെഡിക്കൽ കോളജ്.
വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും സഹപാഠികളെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുന്നതുമൊക്കെ കാണാതെയും വായിക്കാതെയും ഒരുദിവസം കടന്നുപോകില്ലെന്ന അവസ്ഥയായി.
വിദ്യാർഥികളെ കാരിയറാക്കി ലഹരി വിൽപന നടത്തുന്ന സംഘവും സജീവമായി കൊണ്ടിരിക്കുകയാണ്. ഇവരിൽ വിദ്യാർഥിനികൾ അടക്കമുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

