പനമരം∙ വിളവെടുപ്പുകാലത്ത് വനാതിർത്തി പ്രദേശത്തെ കൃഷിയിടങ്ങളിലും പ്രധാന പാതകളിലും അങ്ങാടികളിലും കാട്ടാനശല്യം രൂക്ഷമായതോടെ കർഷകരും യാത്രക്കാരും അടക്കമുള്ളവർ നട്ടം തിരിയുന്നു. വനത്തിൽ നിന്ന് കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകൾ മൂലം കർഷകർ പൊറുതിമുട്ടുകയാണ്.
വിളവെടുക്കാൻ ബാക്കിയുള്ള നെൽക്കൃഷി കാട്ടാന തിന്നുതീർക്കാതിരിക്കാൻ രാവും പകലും കാവൽ ഏർപ്പെടുത്തി കർഷകർ പെടാപ്പാടു പെടുകയാണ്.
കാവൽ ഏർപ്പെടുത്തിയിട്ടും കാവൽക്കാരുടെയും സെൻസർ പോലുള്ള ഉപകരണങ്ങളുടെയും കണ്ണ് വെട്ടിച്ച് ഇറങ്ങുന്ന കാട്ടാന നെല്ല് അകത്താക്കുന്നതോടെ കൃഷിയിറക്കിയ കർഷകരുടെ അവസ്ഥ അതിദയനീയമാണ്. പനമരം, പൂതാടി പഞ്ചായത്തിലെ കർഷകരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി കാട്ടാനശല്യം മൂലം പൊറുതിമുട്ടുന്നത്.
പാതിരി സൗത്ത് സെക്ഷൻ വനാതിർത്തി പ്രദേശമായ പാതിരിയമ്പം, മണിക്കോട്, കല്ലുവയൽ, തരകമ്പം, മണൽവയൽ, അമ്മാനി, നീർവാരം, ദാസനക്കര, അഞ്ഞണിക്കുന്ന്, നെയ്ക്കുപ്പ, കക്കോടൻ ബ്ലോക്ക്, പേരൂർ, അയനിമല തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം തുടരുകയാണ്.
കഴിഞ്ഞ ദിവസം അയനിമല വിഎസ്എസിന് കീഴിലെ പേരൂർ ഭാഗത്തെ കന്മതിൽ ചാടിക്കടന്ന് എത്തിയ കാട്ടാന പേരൂർ പാടശേഖരത്തിൽ വിളവെടുക്കാൻ ബാക്കിയുണ്ടായിരുന്ന വടക്കാഞ്ചേരി ജോസ് മാത്യുവിന്റെ നെല്ല് കാട്ടാന തിന്നു നശിപ്പിച്ചു. വയലിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി നെൽക്കൃഷിക്ക് നടുവിൽ സെൻസർ പോലുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
സെൻസർ സ്ഥാപിച്ചതിനു അടുത്തെത്തിയാണ് കാട്ടാന നെല്ല് നശിപ്പിച്ചത്. കാട്ടാന അടുത്തെത്തിയപ്പോൾ സെൻസർ ശബ്ദമുണ്ടാക്കുകയും ലൈറ്റുകൾ പ്രകാശിക്കുകയും ചെയ്തെങ്കിലും നെല്ല് തിന്ന് വയർ നിറച്ച ശേഷമാണ് കാട്ടാന മടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
പേരൂർ ഭാഗത്ത് കന്മതിലിനോടു ചേർന്ന് മണ്ണും കല്ലുകളും കൂടിക്കിടക്കുന്നതാണ് കന്മതിലിനു മുകളിലൂടെ കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങാൻ പ്രധാന കാരണം.
ഇത്തരത്തിൽ കൂടിക്കിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാത്തതും കാട്ടാന തകർത്ത പ്രതിരോധ സംവിധാനങ്ങൾ പിന്നീട് നന്നാക്കാൻ തയാറാകാത്തതും വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാത്തതും, കോടികൾ മുടക്കിയുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണി പൂർത്തീകരിക്കാത്തതുമാണ് വനാതിർത്തിയോട് ചേർന്നതും അല്ലാത്തതുമായ കൃഷിയിടങ്ങളിൽ കാട്ടാന ശല്യം ക്രമാതീതമായി വർധിക്കാൻ കാരണം.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനക്കൂട്ടം നെൽക്കൃഷിക്കു പുറമേ കർഷകരുടെ കമുക്, കുരുമുളക്, വാഴ, തെങ്ങ്, കാപ്പി, കപ്പ, വളർത്തു പുല്ല് അടക്കമുള്ള കൃഷികളും വ്യാപകമായി നശിപ്പിക്കുകയാണ്. ചില സമയങ്ങളിൽ നാട്ടിലിറങ്ങുന്ന കാട്ടാനകൾ വനത്തിലേക്ക് തിരിച്ചു പോകാതെ കൃഷിയിടങ്ങളിൽ തമ്പടിക്കുന്ന സ്ഥിതിയുണ്ട്.
യാത്രക്കാരെ ഓടിച്ച് കാട്ടാന
പനമരം∙ പുഞ്ചവയലിൽ ഇന്നലെയും യാത്രക്കാരനെ കാട്ടാന ഓടിച്ചു.
പുഞ്ചവയൽ പത്മലായം ജെ പി എന്ന ജയപ്രകാശിനെയാണ് (53) കാട്ടാന ഓടിച്ചത്. വീടിനടുത്തുള്ള ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയൽ അങ്ങാടിയിൽ ഇന്നലെ രാവിലെ ബസ് കാത്തുനിൽക്കുന്നതിനിടെയാണു ജയപ്രകാശിനെ കാട്ടാന ഓടിച്ചത്. കാട്ടാന വരുന്നതു കണ്ട് അൽപം ഉയരത്തിലുള്ള കടത്തിണ്ണയിലേക്ക് ചാടിക്കയറി ഓടിമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്.
ഇതിനു ശേഷം തിരിഞ്ഞ കാട്ടാന അങ്ങാടിയിലെ കെട്ടിടത്തോടു ചേർന്നുള്ള പുത്തനങ്ങാടി ദിനേശന്റെ നേന്ത്രവാഴ നശിപ്പിക്കുകയും ഇതിലെ വാഴക്കുല ഇദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
ഇവിടെ നിന്ന് ഗണപതിക്കൊല്ലി വഴി മണൽവയൽ ഭാഗത്തേക്ക് പോയ ചുള്ളിക്കൊമ്പൻ പനമരം ക്ഷീരോൽപാദക സഹകരണ സംഘത്തിലെ പാലുമായി വരുന്ന വാഹനം തടഞ്ഞു. മണൽവയൽ സെന്ററിൽ നിന്ന് അളവു കഴിഞ്ഞ് പാലുമായി പനമരത്തിനു പോകും വഴി മണൽവയലിൽ വച്ച് ഇന്നലെ രാവിലെ ആറോടെയാണ് സംഭവം.
വാഹനത്തിന് മുന്നിൽ കാട്ടാനയെ കണ്ട
ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കിയെങ്കിലും ആന വാഹനത്തിന് മുൻപിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. കാട്ടാന വാഹനത്തിന് നേരെ വന്നതോടെ മീറ്ററുകളോളം ദൂരം പിന്നോട്ട് എടുത്ത വാഹനം സമീപത്തെ ഒരു വീക്കു കയറ്റിയ ശേഷമാണ് കാട്ടാന തോട്ടത്തിലേക്ക് കടന്നത്.
ഒരു മാസം മുൻപ് പുഞ്ചവയൽ – ദാസനക്കര റോഡിൽ വച്ച് കർണാടകയിൽ പരീക്ഷ എഴുതാൻ പോകുന്നതിനായി ബസിൽ കയറാൻ പുഞ്ചവയലിലേക്ക് നടന്ന യുവാവിനെ കാട്ടാന ആക്രമിച്ചിരുന്നു.
അന്ന് നട്ടെല്ലിനു പരുക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്. കാട്ടാനശല്യം മൂലം നേരമിരുട്ടിയാൽ പുഞ്ചവയൽ മണൽവയൽ റോഡിൽ യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കാപ്പിത്തോട്ടങ്ങൾ ഏറെയുള്ള ഇവിടത്തെ കൃഷിയിടങ്ങളിൽ പലപ്പോഴും കാട്ടാന തമ്പടിക്കുന്ന അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

