പുൽപള്ളി ∙ ഗോത്ര വയോധികനെ ആക്രമിച്ചുകൊല്ലുകയും പ്രദേശവാസികളെ ഭയപ്പാടിലാക്കുകയും ചെയ്ത നരഭോജി കടുവയെ കുടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വന്യജീവി സങ്കേതത്തിലെയും ബത്തേരി, മാനന്തവാടി ആർആർടി ടീമുകളുടെയും സൗത്ത് വയനാട് ഡിവിഷനിലെയും വനപാലകരുടെ നേതൃത്വത്തിലാണ് കാടിനുള്ളിലും പുറത്തുമായി തിരച്ചിൽ തുടരുന്നത്. കടുവയെ പിടിക്കാൻ ഇന്നലെ മൂന്നാമത്തെ കൂടും സ്ഥാപിച്ചു. വിവിധയിടങ്ങളിലായി 25 ക്യാമറകളും 2 ലൈവ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ഇന്നലെ ബന്ദിപ്പൂർ വനാതിർത്തിയിലും കന്നാരംപുഴയോരത്തും വനപാലകർ തിരച്ചിൽ നടത്തി. പ്രായമുള്ളതും ഇരതേടാൻ പ്രയാസമുള്ളതുമെന്നു കരുതുന്ന കടുവ കാടിറങ്ങാനുള്ള സാധ്യത മുന്നിൽകണ്ട് അതിർത്തി പ്രദേശങ്ങളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
തൊഴുത്തുകളിലും വീടിനുചുറ്റും ലൈറ്റിടണമെന്നും രാത്രി അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്നും അസാധാരണമായെന്തെങ്കിലുമുണ്ടായാൽ വനപാലകരെ അറിയിക്കണമെന്നും വ്യക്തമാക്കി. വണ്ടിക്കടവിലും പരിസര പ്രദേശങ്ങളിലും രാത്രി പട്രോളിങ് ശക്തമാക്കി.കർണാടക വനാതിർത്തിയിൽ നിന്നു വന്യജീവി സങ്കേതത്തിലേക്ക് ക്ഷീണിതനായ ഒരു കടുവ കടക്കാനിടയുണ്ടെന്നതിനാൽ അതിർത്തിയിലും കാവലുണ്ട്.
ഗുണ്ടറ വനത്തിലെ ജീവനക്കാരും ആ കടുവയെ നിരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞദിവസം കന്നാരംപുഴക്കരയിൽ കണ്ട കടുവ തിങ്കളാഴ്ച വണ്ടിക്കടവ് ഭാഗത്തേക്ക് നീങ്ങിയെന്ന് വാച്ചർമാർ കണ്ടെത്തി.
ഈ കടുവയും ഇരതേടി കാടിറങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നു.
പ്രചരിക്കുന്നത് ഇവിടുത്തെ ദൃശ്യങ്ങളല്ലെന്ന് വനംവകുപ്പ്
അതിനിടെ കേരള–കർണാടക അതിർത്തിയിലെ കന്നാരംപുഴയിൽ കടുവയും 4 കുഞ്ഞുങ്ങളും ഓടിക്കളിക്കുന്നതായി പ്രചരിച്ച വിഡിയോ ദൃശ്യം ഇവിടുത്തതല്ലെന്നും ഏറെക്കാലം മുൻപുമുതൽ പ്രചരിക്കുന്നതാണെന്നും വനപാലകർ വിശദീകരിച്ചു. ജനങ്ങളിൽ ആശങ്കയും തെറ്റിദ്ധാരണയും പരത്തുന്ന ഇത്തരം വ്യാജ പ്രചാരങ്ങൾ നടത്തുന്നത് ജനങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കർണാടക വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണെന്ന വ്യാജേനയാണ് സമൂഹ മാധ്യമങ്ങളിൽ കടുവക്കുടുംബം ശ്രദ്ധേയമായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

