പത്തനംതിട്ട∙ ജീവിതത്തിന്റെ പ്രത്യാശാനിർഭരമായ പ്രഭാതത്തിൽ തെളിയുന്ന അനുഭവങ്ങളുടെ കലവറയാണ് ദൈവ പുത്രന്റെ ഉയർപ്പ് പെരുന്നാൾ. നട്ടുച്ചയ്ക്ക് സൂര്യൻ ഇരുണ്ടുപോയ ദുഃഖവെള്ളിയുടെ മധ്യാഹ്നത്തിന്റെ തീരാ വേദനയുടെയും കുറ്റപ്പെടുത്തലുകളുടെയും അവഹേളനത്തിന്റെയും അനുഭവങ്ങളിലും യേശുക്രിസ്തു പീഡനങ്ങൾ അനുഭവിച്ച് കുരിശുമരണം.
ദുഃഖവെള്ളിയുടെ അനുഭവങ്ങളിൽ നിന്ന് ചേർത്തുപിടിക്കലിന്റെയും മരണത്തെ കീഴ്പ്പെടുത്തലിന്റെയും പ്രത്യാശയുടെ ജ്വലനമാണ് ഉയർപ്പിന്റെ പെരുന്നാളായ ഈസ്റ്റർ.
സത്യത്തെ കല്ലറയിൽ ഭദ്രമായി നിഷേപിക്കാം. പക്ഷേ, അതവിടെ തുടരുകയില്ല.
സത്യത്തെ കുരിശുമരത്തിന്മേൽ ആണിയടിച്ചു തറയ്ക്കാം. പുത്തൻ തുണികൊണ്ട് ചുറ്റിപൊതിഞ്ഞു കെട്ടാം.
എന്നിട്ട് ഒരു കല്ലറയിൽ സൂക്ഷിക്കാം, പക്ഷേ അത് അവിടെ നിന്നു വിജയമകുടം ചൂടി പുറത്തുവരും. പണ്ഡിതനായ ക്ലാറൻസ് ഹാൾ ‘ഈസ്റ്റർ നമ്മോടു സംവാദിക്കുന്നത്’ എന്നതിനെ കുറിച്ച് രേഖപ്പെടുത്തിയ വാക്കുകളാണ്.
ഈ പെരുന്നാൾ നമ്മെ ഓർമിപ്പിക്കുന്നത് രാത്രി ഇല്ലാതെ ഒരു പ്രഭാതമില്ല.
കുരിശില്ലാതെ കിരീടമില്ല. തകർച്ച ഇല്ലാതെ ഒരു ഉയർച്ച ഇല്ല.
നഷ്ടമില്ലാതെ ഒരു ലാഭം ഇല്ല. അസത്യത്തെ ജയിക്കുന്ന സത്യം.
ഇന്ന് നാം വസിക്കുന്ന കാലചക്രത്തിന്റെ ഓരോ നാളുകളിലും നാം വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ലോകത്ത് സമാധാനം ഇല്ലാതെ മനുഷ്യൻ അസ്വസ്ഥരാകുന്നു.
പീഡനങ്ങൾ വർധിക്കുന്നു. മാനുഷിക മൂല്യങ്ങൾ തകരുന്ന അനുഭവങ്ങൾ.
മനുഷ്യന് പരസ്പര സ്നേഹവും, ആത്മാർഥതയും തെല്ലും ഇല്ലാത്ത അവസ്ഥ. ഇതിന്റെ നടുവിൽ സമാധാനത്തിന്റെ വെളിച്ചം പകരുന്ന, മനസ്സിന് സാന്ത്വനം പകരുന്ന, വേദനയിൽ കരം പിടിച്ചു നടത്തുന്ന അദൃശ്യമായ ശക്തിയാണ് ഈ ഉയർപ്പിന്റെ നാളുകളിലെ വിവിധങ്ങളായ അനുഭവങ്ങൾ.
സമൂഹത്തിനു നന്മകൾ പകരുന്ന, ആശ്രയം ഇല്ലാത്തവരെ ചേർത്തുപിടിക്കുവാൻ, സത്യം കൊണ്ടും ആത്മാർഥമായ സ്നേഹം കൊണ്ടും മനുഷ്യരാശിക്കു മുഴുവൻ, നാം ഉൾപ്പെടുന്ന മനുഷ്യസമൂഹത്തിനു തണൽ പകരുവാൻ, പ്രകാശം പകരുവാൻ ഓരോ മനുഷ്യമനസ്സുകളിലും ക്രിസ്തു ദേവന്റെ ഉയപ്പിന്റെ അനുഭവങ്ങൾ പകർന്നു,ഓരോ മനുഷ്യരും ഈ സമൂഹത്തിൽ ഉയർപ്പിന്റെ പ്രത്യാശയുടെ വെളിച്ചമായി ശോഭിക്കുവാൻ നമുക്ക് സാധിക്കട്ടെ.
പ്രത്യാശ നിറഞ്ഞ ഉയർപ്പ് പെരുന്നാൾ ആശംസകൾ.
ലേഖകൻ സുനിൽ തോമസ് കുട്ടങ്കേരിൽ, കർണാടക സ്റ്റേറ്റ് ഗവെർണിങ് ബോർഡ് മെമ്പർ, കർണാടക എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറം, സംസ്ഥാന കമ്മിറ്റി അംഗം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

