ബത്തേരി ∙ മയക്കുവെടിയ്ക്കുള്ള സജ്ജീകരണങ്ങളെല്ലാമൊരുക്കി കാത്തിരുന്ന വനപാലക ദൗത്യ സംഘത്തെ കബളിപ്പിച്ച് വീണ്ടും മുട്ടിക്കൊമ്പൻ. വടക്കനാട് പച്ചാടിയിൽ രജീവ് എന്ന യുവകർഷകനെ ആക്രമിച്ചു കൊലപ്പെടുത്തിയ മുട്ടിക്കൊമ്പൻ തമ്പുരാട്ടിക്കടവ് ചാടിക്കടന്നാണ് ഇത്തവണ രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ച 2 മുതൽ തന്നെ കൊമ്പനെ വള്ളുവാടി കണ്ണാറമ്പം ഭാഗത്ത് വനപാലകർ കണ്ടെത്തിയിരുന്നു. വള്ളുവാടി കവലയിൽ തന്നെയുള്ള മേഖല രാത്രിയിൽ തന്നെ എൺപതോളം വരുന്ന വനപാലക സംഘം വളഞ്ഞു.
ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മയക്കു വെടി സംഘം പുലർച്ചെ 3 നു തന്നെ സജ്ജമായി അവസരത്തിന് കാത്തു.
കൊമ്പൻ സുരക്ഷിത ഇടത്തേക്ക് മാറിയാൽ മയക്കുവെടി വയ്ക്കാനായിരുന്നു തീരുമാനം.
വെടിവയ്ക്കാൻ പറ്റിയ ഇടത്തേക്ക് പുലർച്ചെ അഞ്ചരയോടെ കൊമ്പൻ നീങ്ങിയതോടെ മയക്കുവെടി സംഘം ഉന്നം നോക്കി സജ്ജരായി. രാവിലെ ആറോടെ ആനയുടെ അടുത്തേക്ക് നീങ്ങാനൊരുങ്ങവെ വനപാലകർക്കു നേരെ കൊമ്പൻ ചീറി.
തുടർന്ന് മിന്നൽ വേഗത്തിൽ വള്ളുവാടി റോഡിലേക്ക് കയറി നാട്ടുകാർ തമ്പുരാട്ടിക്കടവ് എന്നു വിളിക്കുന്ന വനാതിർത്തിയിലെ ട്രഞ്ചിലെ ഇടിഞ്ഞ ഭാഗത്തു കൂടി കാട്ടിലേക്ക് കയറി. രണ്ടാം ദിവസം കൊമ്പനെ ലൊക്കേറ്റ് ചെയ്യാനായിരുന്നില്ല.
ആദ്യ ദിവസമാകട്ടെ മയക്കുവെടി വച്ചെങ്കിലും ശരിയായ രീതിയിൽ കൊള്ളാത്തതിനാൽ കൊമ്പൻ കാടുകയറിപ്പോവുകയും ചെയ്തു.
ആദ്യദിനത്തിലെ മയക്കുവെടിയുടെ ശബ്ദം കാരണമാണു രണ്ടാംദിനം മുട്ടിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലേക്ക് വരാതിരുന്നതെന്നാണ് നിഗമനം. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ വള്ളുവാടി വനത്തിൽ നിന്ന് കൊമ്പൻ കണ്ണാറമ്പത്തെ കൃഷിയിടത്തിലേക്കെത്തുകയായിരുന്നു.
തോട്ടങ്ങളിലെ കൃഷി നശിപ്പിച്ച് തമ്പടിച്ച കൊമ്പനെ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു വനംവകുപ്പ്. എന്നാൽ നീക്കങ്ങളെല്ലാം പാളുന്നതാണു പുലർച്ചെ കണ്ടത്.
അതേസമയം, മുട്ടിക്കൊമ്പനെ പിടികൂടാൻ ആത്മാർഥമായ ശ്രമം ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. രജീവിനെ കൊമ്പൻ കൊന്നിട്ട് ആഴ്ച 3 പിന്നിട്ടു.
കാട്ടനകൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ ട്രഞ്ചുകളുണ്ടെങ്കിലും പലയിടങ്ങളിലും ഇടിഞ്ഞ് ചാലുകളായിട്ടുണ്ട്.
ഇത്തരം കടവുകളിലൂടെയാണ് ആനകൾ നാട്ടിലേക്കിറങ്ങുത്. ഇത്തരം കിടങ്ങിലൂടെയാണ് മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ കൊമ്പൻ കാട്ടിലേക്ക് കയറിയതെന്ന് പ്രദേശവാസിയായ റെജി പറഞ്ഞു.
ദൗത്യം ഇന്നും തുടരും
ബത്തേരി ∙ പെട്ടെന്ന് മാറുന്ന സ്വഭാവമാണ് മുട്ടിക്കൊമ്പന്റേതെന്നും ലഭിച്ച അവസരത്തിൽ മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും ആന പൊടുന്നനെ പ്രകോപിതനായി കാട് ലക്ഷ്യമാക്കി ഓടുകയായിരുന്നെന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ പറഞ്ഞു.
12 മണിയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. അപ്പോൾ തന്നെ സ്ഥലത്തെത്തി കൊമ്പനെ നിരീക്ഷിക്കുകയും പുലർച്ചെ അഞ്ചരയോടെ മയക്കുവെടിക്ക് തയാറെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ കൊമ്പന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ദൗത്യം ഇന്നും തുടരും– അദ്ദേഹം വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

