വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് കർണാടക വിപണിയിൽ വൻ സ്വീകാര്യത. ദിവസവും ലോഡുകണക്കിന് ചക്കയാണ് വയനാട്ടിൽ നിന്ന് അതിർത്തി കടന്ന് അയൽ സംസ്ഥാനത്തേക്ക് എത്തുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയാണ് നിലവിൽ പ്രധാന ആകർഷണം. പച്ചച്ചക്കയും പഴുത്ത ചക്കയും ചുളകളായി മാറ്റിയവയും ഇവിടെ സുലഭമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില ഈടാക്കുന്നത്; അതായത് ഒരു ചക്കച്ചുളയ്ക്ക് 6 രൂപ.
ഒരു വലിയ ചക്ക വിപണിയിൽ വിറ്റഴിക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഉത്തരേന്ത്യയിലേക്കും കയറ്റി അയക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്.
വർഷം തോറും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും, തോട്ടങ്ങളിൽ വിളയുന്നതിന്റെ വലിയൊരു ഭാഗവും സംസ്കരിക്കാൻ കഴിയാതെ നശിക്കുകയാണ്. ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ചക്ക ഉൾപ്പെടെയുള്ള പഴവർഗങ്ങൾ സംസ്കരിച്ച് വിപണനം നടത്താൻ ജില്ലയിൽ കാര്യമായ സംവിധാനങ്ങളില്ല.
പഴവിള കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയുടെ വിപണന സാധ്യതകളോ സംസ്കരണ യൂണിറ്റുകളോ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ലെന്ന പരാതി ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

