വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് കർണാടക വിപണികളിൽ വൻ സ്വീകാര്യത. ദിവസവും ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് അയൽസംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ പ്രധാന വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചക്കയ്ക്ക് മികച്ച വിപണിയാണ് ലഭിക്കുന്നത്. പഴുത്ത ചക്കയും ചുളകളാക്കി മാറ്റിയവയും പച്ചച്ചക്കയുമെല്ലാം ഇവിടെ വലിയ തോതിൽ വിറ്റഴിയുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചില്ലറ വിപണിയിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ എന്ന നിരക്കിലാണ് വിൽപന. ഒരു വലിയ ചക്ക മുറിച്ച് വിറ്റാൽ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്ക വിൽക്കുമ്പോൾ ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഐസ് പാളികൾ നിരത്തിയാണ് ചക്കകൾ സുരക്ഷിതമായി എത്തിക്കുന്നത്. വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തുന്നുണ്ട്.
ഓരോ വർഷവും ടൺ കണക്കിന് ചക്കയാണ് ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത്. എന്നിരുന്നാലും, ജില്ലയിലെ തോട്ടങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചക്കയുടെ വലിയൊരു ഭാഗവും സംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ പഴുത്ത് ചീഞ്ഞു നശിക്കുകയാണ്.
ജൈവരീതിയിൽ വിളയുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്. പഴവർഗ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്കായുള്ള വിപണി കണ്ടെത്താനോ കൃത്യമായ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാനോ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

