പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അപകടത്തിൽ സോന എന്ന യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയിട്ടില്ല.
പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ സോനയുടെ മാതാവ് വസന്ത ശക്തമായി തള്ളിക്കളഞ്ഞു.
പെട്രോൾ വാങ്ങാൻ സോനയെ രജിൻ ലാൽ നിർബന്ധിച്ചിട്ടുണ്ടാകാമെന്നാണ് വസന്തയുടെ പ്രധാന ആരോപണം. സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി.
യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിക്കാതിരുന്ന സോന, രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു. ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസം പാലേരിയിലെ വീട്ടിലായിരുന്ന സോനയെ, ഗൾഫിൽ നിന്ന് തിരിച്ചെത്തിയ രജിൻ ലാൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം പൂർണമായി തന്റെ മകന്റെ മേൽ കെട്ടിവെക്കാൻ ശ്രമം നടക്കുന്നതായി അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ പ്രതികരിച്ചു.
‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’ എന്ന് അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

