
അമ്പതുതോട് നവീകരണം ആർക്കുവേണ്ടി?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുള്ളൻകൊല്ലി ∙ കബനിയിലേക്ക് വെള്ളമൊഴുകുന്ന അമ്പതുതോട്ടിൽ തൊഴിലുറപ്പ് പദ്ധതിയിൽ വർഷാവർഷം നടത്തുന്ന നിർമാണങ്ങൾ ഇവിടെ ഉപകാരപ്പെടുന്നില്ലെന്ന് പ്രദേശത്തെ കർഷകർ. പാടിച്ചിറ പറുദീസ പ്രദേശത്തുനിന്നാരംഭിക്കുന്ന തോട് കിലോമീറ്ററുകളോളം ഒഴുകിയാണ് കൃഗന്നൂരിലെത്തി കബനിയിൽ ചേരുന്നത്. തോട് കടന്നുപോകുന്ന പ്രദേശം വരൾച്ചയിൽ ചുട്ടുപൊള്ളുമ്പോഴും അതിലെ തുള്ളിവെള്ളം ഇവിടെ ഉപകാരപ്പെടുന്നില്ല. തോട്ടിലെ ജലംതടഞ്ഞ് ഫലപ്രദമായി ഉപയോഗിച്ചാൽ 78 ഏക്കർ സ്ഥലത്ത് ജലസേചനം നടത്താനാവുമെന്ന് കർഷകർ ചൂണ്ടിക്കാട്ടി. തോട്ടുവക്കിലെ കാടും പടലവും വെട്ടിമാറ്റി വീതി കൂട്ടിയശേഷം കയർഭൂവസ്ത്രം വിരിക്കുന്ന ജോലിയാണിപ്പോൾ നടക്കുന്നത്.
കഴിഞ്ഞ വർഷവും ഇതേപ്രവൃത്തി നടത്തിയിരുന്നു. ഏതാണ്ട് 1,000 പേരുടെ ജോലിയാണ് നടത്തുന്നത്. തോട്ടിലെ ജലം സമീപത്തുള്ള കനാൽവൃത്തിയാക്കി അതിലേക്കു തിരിച്ചു വിട്ടാൽ കർഷകർക്ക് ഉപകാരപ്പെടും. ഇക്കൊല്ലം പാടത്തും പറമ്പിലും കൃഷിയിറക്കിയവർ കടുത്ത നിരാശയിലാണ്. ആവശ്യത്തിനു മഴ കിട്ടാതെ വിത്ത് നശിക്കുന്ന അവസ്ഥ. പാടത്ത് യന്ത്രമുപയോഗിച്ചാണ് മണ്ണിളക്കി കിഴങ്ങുവിളകൾ നട്ടത്. കഴിഞ്ഞ ദിവസമാണ് ഈ പ്രദേശങ്ങളിൽ ചെറിയതോതിൽ മഴ പെയ്തത്. കൃഗന്നൂരിലെ പാടത്തുകൂടി പണ്ട് നിർമിച്ച കനാൽ പൊട്ടിതകർന്ന് കാടുമൂടി കിടക്കുകയാണ്.
സമീപത്തുള്ള ചെക്ഡാമിൽ സംഭരിക്കുന്ന വെള്ളമപ്പാടെ അമ്പത് തോട്ടിലൂടെ കബനിയിലെത്തി കർണാടകയിലേക്ക് ഒഴുകുന്നു. കബനി നിറഞ്ഞുകിടക്കുമ്പോഴാണ് അതിനു കരയിലെ കർഷകർ കൃഷിചെയ്യാൻ വെള്ളമില്ലാതെ നരകിക്കുന്നത്. കാർഷിക ജലസേചനത്തിനുള്ള ജോലികൾ ചെയ്യുന്നതിനു പകരം നൂറുകണക്കിനാളുകളുടെ അധ്വാനം പാഴാക്കുന്ന പ്രവൃത്തികളാണ് തൊഴിലുറപ്പിലൂടെ നടക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി. ഈ പദ്ധതിയുടെ പ്രയോജനം കാർഷിക മേഖലയിലേക്ക് തിരിച്ചുവിടണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്.