രൂക്ഷമായ വരൾച്ചയും ജലക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ നിന്ന് വയനാട്ടിലേക്കുള്ള കാലിത്തീറ്റയുടെ വരവ് നിലച്ചു. കൃഷി ചെയ്യുന്ന ചോളത്തണ്ട് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് ചാമരാജ് നഗർ കലക്ടർ ഉത്തരവിറക്കിയതോടെയാണ് മുത്തങ്ങ വഴി വന്നിരുന്ന ലോഡുകളുടെ വരവ് തടസ്സപ്പെട്ടത്.
മുൻപ് ചാമരാജ് നഗർ, ഗുണ്ടൽപേട്ട് താലൂക്കുകളിൽനിന്ന് ദിവസേന നൂറുകണക്കിന് ലോഡ് ചോളത്തണ്ടാണ് വയനാട്ടിലെത്തിയിരുന്നത്. എന്നാൽ നിലവിൽ ബാവലി, കുടക് റൂട്ടുകളിലൂടെയാണ് അവശേഷിക്കുന്ന ലോഡുകൾ ജില്ലയിലെത്തുന്നത്.
കർണാടകയിലും കന്നുകാലികൾക്ക് തീറ്റയില്ലാതെ കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അവിടത്തെ രൂക്ഷമായ ശുദ്ധജലക്ഷാമവും കന്നുകാലികളുടെ ഭക്ഷ്യസുരക്ഷയും മുൻനിർത്തിയാണ് അധികൃതർ ഈ നടപടി സ്വീകരിച്ചത്.
കർണാടക കർഷകർ ഉൽപാദിപ്പിക്കുന്ന ചോളത്തണ്ടിന്റെ മുഖ്യഭാഗവും വയനാട്ടിലേക്കാണ് എത്തിയിരുന്നത്. ദിവസവും ഇരുനൂറിൽ പരം ലോഡുകൾ ജില്ലയിലെത്തിയിരുന്ന സ്ഥാനത്താണ് ഈ നിലമാറ്റം.
അയൽ സംസ്ഥാനത്തെ ഈ തീരുമാനം വയനാട്ടിലെ ക്ഷീരമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മഴക്കുറവിനെ തുടർന്നുള്ള പ്രതിസന്ധി ഇവിടുത്തെ ക്ഷീരമേഖലയെ വലിയ വറുതിയിലേക്കാണ് നയിക്കുന്നത്.
പച്ചപ്പുല്ല് തീരെ ലഭ്യമല്ലാത്തതിനാൽ പാൽ സംഭരണവും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്ക സംഘങ്ങളിലും ദിവസേനയെത്തുന്ന പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വരൾച്ച ഇനിയും രൂക്ഷമായാൽ ക്ഷീരകർഷകർ ഈ തൊഴിൽ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയാണ് ഉയരുന്നത്. തീറ്റയും വെള്ളവും ലഭിക്കാതെ വന്നാൽ കാലികളെ സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കാർഷിക മേഖലയ്ക്കു പിന്നാലെ ഇപ്പോൾ ക്ഷീരമേഖലയും കടുത്ത നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജില്ലയിലെ ക്ഷീരകർഷകർക്കു വലിയൊരു പ്രതീക്ഷയായിരുന്ന അപ്പാട്ടെ പുൽക്കൃഷിയും അവസാനനാടുകളിലേക്ക് നീങ്ങുന്നത്.
പുൽപള്ളിയിൽ ദേവസ്വം ഉടമസ്ഥതയിലുള്ള 45 ഏക്കർ സ്ഥലത്ത് കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന പുൽക്കൃഷിയാണ് നിർത്തലാക്കപ്പെടുന്നത്. മിൽമയ്ക്കു വേണ്ടിയുള്ള ഈ പുൽക്കൃഷി കർഷകർക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
വർഷത്തിൽ 4000 മെട്രിക് ടൺ പുല്ലാണ് കാലിതീറ്റയായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നത്. കിലോഗ്രാമിന് 3.50 രൂപ വിലയുള്ള പുല്ല് ഒരു രൂപ സബ്സിഡിയോടെ 2.50 രൂപയ്ക്കാണ് കർഷകരുടെ വീട്ടുപടിക്കലെത്തിയിരുന്നത്.
നിരവധി കർഷകരുടെ പ്രധാന ആശ്രയമായിരുന്നു ഈ പദ്ധതി. എന്നാൽ പുൽക്കൃഷി ചെയ്തുവരുന്ന സ്ഥലം ദേവസ്വം മറ്റൊരു ഏജൻസിക്ക് പാട്ടത്തിനു നൽകിയതോടെയാണ് പദ്ധതിക്ക് വിരാമമാകുന്നത്.
വരുന്ന ഒക്ടോബർ 31 വരെയാണ് മിൽമയുടെ പാട്ടക്കാലാവധി ഉള്ളത്. ഉയർന്ന പാട്ടതുകയ്ക്ക് സ്ഥലം മറ്റൊരാൾക്ക് നൽകിയതോടെ ഇനി ഇത് മിൽമയ്ക്കു ലഭിക്കില്ലെന്നുറപ്പായി.
കർണാടകയിൽ നിന്നുള്ള ചോളത്തണ്ടിന്റെ വരവ് നിലയ്ക്കുകയും അപ്പാട്ടെ പുൽക്കൃഷി ഇല്ലാതാവുകയും ചെയ്യുന്നത് ജില്ലയിലെ ക്ഷീരമേഖലയെ തകർക്കുന്നതാണ്. ഈ ഗുരുതരമായ പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ക്ഷീരസംഘം പ്രതിനിധികളും കർഷകരും കൃഷിമന്ത്രിയെ നേരിൽ കണ്ട് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ ക്ഷീരകർഷകർക്കാവശ്യമായ കാലിത്തീറ്റയുടെയും പച്ചപ്പുല്ലിന്റെയും ലഭ്യത അടിയന്തരമായി ഉറപ്പാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

