കൽപറ്റ ∙ പൊതു തിരഞ്ഞെടുപ്പിനായി ഇന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ചെയ്യും. സ്ഥാനാർഥികൾക്ക് ഇന്നു മുതൽ നാമനിർദേശ പത്രികകളും നൽകാം.
21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 22 നു നടക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 24 ആണ്. കലക്ടർ ആണു ജില്ലാ പഞ്ചായത്ത് വരണാധികാരി. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഒന്നു വീതവും മുനിസിപ്പാലിറ്റി കോർപറേഷനുകൾക്കു വാർഡുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നിൽ അധികവും വരണാധികാരികൾ ഉണ്ടാകും.
നിശ്ചിത ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പത്രിക നൽകാം.
നാമനിർദേശ പത്രികയോടൊപ്പം സ്ഥാവര ജംഗമ സ്വത്തുക്കളുടെയും ബാധ്യത, കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും വിശദ വിവരങ്ങൾ നൽകണം.പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി നിക്ഷേപമായി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിൽ 4,000 രൂപയും ജില്ലാ പഞ്ചായത്തിൽ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗകാർക്കു നിശ്ചിത തുകയുടെ പകുതി മതിയാകും.
നോമിനേഷൻ നൽകുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ്സ് പൂർത്തിയായിരിക്കണം.
പട്ടികജാതി-പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നു ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മിഷൻ അധികാരപ്പെടുത്തിയ ഓഫിസറുടെയോ മുൻപാകെ നിശ്ചിത ഫോം അനുസരിച്ച് സത്യപ്രതിജ്ഞയോ ദൃ ഢപ്രതിജ്ഞയോ നടത്തി ഒപ്പിടണം.
നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർഥിക്കൊപ്പം പോകുന്ന അകമ്പടി വാഹനങ്ങൾക്ക് 100 മീറ്റർ പരിധി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. വരണാധികാരിയുടേയോ ഉപ വരണാധികാരിയുടെയോ മുൻപാകെ പത്രിക സമർപ്പിക്കുന്ന സമയത്തു വരണാധികാരിയുടെ മുറിയിലേക്കു സ്ഥാനാർഥി ഉൾപ്പെടെ 5 പേർക്കാണു പ്രവേശന അനുമതി.
തദ്ദേശ തിരഞ്ഞെടുപ്പ്:പരിശീലനം നൽകി
കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി റിട്ടേണിങ് ഓഫിസർമാർക്കും അസി.
റിട്ടേണിങ് ഓഫിസർമാർക്കും പരിശീലനം നൽകി. റിട്ടേണിങ് ഓഫിസർമാർ ബൂത്തുകൾ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും പരിശീലനം ഉദ്ഘാടനം ചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടർ ഡി.ആർ.മേഘശ്രീ നിർദേശിച്ചു.
പരിശീലനത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള സ്ഥലങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണണമെന്നും കലക്ടർ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ നിജു കുര്യൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ.വിമൽരാജ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

