
നടവയൽ∙ ചെറിയൊരു ഇടവേളയ്ക്കു ശേഷം പുളിക്കൽ കവലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് ചക്കയും മാങ്ങയും തേടിയെത്തുന്ന കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്.
കൃഷിയിടത്തിലെത്തുന്ന കാട്ടാനകൾ കൃഷിയിടത്തിൽ ബാക്കി നിൽക്കുന്ന തെങ്ങ് അടക്കമുള്ള കൃഷികൾ കുത്തി മറിച്ചു നശിപ്പിക്കുന്ന സ്ഥിതിയാണ്. മരങ്ങൾ കുലുക്കി ഫലങ്ങൾ നിലത്തിട്ട് ചിവിട്ടി അരയ്ക്കുന്നതും പതിവാണ്.പ്രദേശത്തെ കാട്ടാനശല്യം പ്രതിരോധിക്കുന്നതിനായി മുൻപ് വനാതിർത്തിയിൽ ചെക്കിട്ട
ഭാഗത്ത് നിർമിച്ച കന്മതിൽ തകർന്നു കിടക്കുന്നതും നെയ്ക്കുപ്പ കക്കോടൻ ബ്ലോക്കിലെ വനാതിർത്തിയിൽ നാട്ടുകാരും വനംവകുപ്പും ചേർന്ന് തൂക്കുവേലി സ്ഥാപിച്ചതുമാണ് ചെക്കിട്ട, പുളിക്കൽ കവല ഭാഗത്ത് കാട്ടാനശല്യം വർധിക്കാൻ കാരണം.
കൃഷിയിടത്തിലെ കൃഷികൾ നശിപ്പിക്കുന്നതിന് പുറമേ വീട്ടുമുറ്റത്ത് ഉണക്കാനിടുന്ന തുണികളും തിന്നുതീർക്കുന്ന അവസ്ഥയാണ്. വിളകൾ തേടിയെത്തുന്ന കാട്ടാനക്കൂട്ടം കാപ്പിയടക്കമുള്ള മറ്റു കൃഷികളും ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകളും ടാങ്കും മതിലും വേലിയും മറ്റും നശിപ്പിക്കുന്നതോടെ കർഷകന് ഉണ്ടാകുന്ന നഷ്ടത്തിന് കണക്കില്ല.ചെക്കിട്ട
മുതൽ ചെഞ്ചടി വരെ കന്മതിൽ ഉണ്ടെങ്കിലും ചെക്കിട്ട ഊരിനോട് ചേർന്ന ഭാഗത്ത് 100 മീറ്ററോളം ദൂരത്തിലുള്ള കന്മതിൽ പതിറ്റാണ്ടുകളായി കാട്ടാന തകർത്തിട്ടിരിക്കുകയാണ്.
ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് മാത്രമല്ല കർഷകർ പിരിവെടുത്ത് മതിൽ നിർമിക്കാമെന്ന് അറിയിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും അധികൃതർ കേട്ടതായി പോലും നടിച്ചില്ല.
സന്ധ്യയോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടം നേരം വെളുത്ത ശേഷമാണ് വനത്തിലേക്ക് മടങ്ങുന്നത്. ഇതുമൂലം ക്ഷീരകർഷകർക്ക് അടക്കം പാലുമായി സൊസൈറ്റിയിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]