
ബത്തേരി∙ വാകേരി, മൂടക്കൊല്ലി മേഖലയിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ മുത്തങ്ങ ആന ക്യാംപിൽ നിന്ന് രണ്ടാമത്തെ കുങ്കി ഇന്നെത്തും. ആദ്യദിവസം പ്രമുഖ എന്ന കുങ്കിയാനയെ ആണ് മൂടക്കൊല്ലിയിലെത്തിച്ചത്.
പിന്നാലെ ഭരത് എന്ന കുങ്കിയാനയെ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ആനകളെ കൊണ്ടുവരുന്ന ലോറി ആംബുലൻസ് കേടായതിനാൽ നീക്കം നടന്നില്ല. ലോറി നന്നാക്കി ‘ഭരതി’ നെ ഇന്ന് മൂടക്കൊല്ലിയിലെത്തിക്കും.
രണ്ടു കുങ്കികളും എത്തുന്നതോടെ തുരത്തൽ ദൗത്യം ഇന്ന് തുടങ്ങുമെന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ.അബ്ദുൽ ഗഫൂർ പറഞ്ഞു.
കാട്ടുകൊമ്പൻമാർ ഇന്നലെ രാത്രിയും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങാൻ ശ്രമം നടത്തി. കുറച്ചു ഭാഗങ്ങളിൽ ഇറങ്ങുകയും ചെയ്തു.
എന്നാൽ കുങ്കിയാന പ്രമുഖ നിൽക്കുന്ന മേഖലയിൽ കാട്ടാനകളിറങ്ങിയില്ല. 4 കാട്ടുകൊമ്പൻമാരാണ് പ്രധാനമായും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതെന്ന് വനപാലകർ പറയുന്നു. ഒന്നിച്ച് കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങുന്ന അവ കൃഷിയിടത്തിലിറങ്ങിയാൽ നാലായി തിരിയുകയും നേരം പുലരുന്നതോടെ വീണ്ടും ഒന്നിച്ച് കാട്ടിലേക്ക് നീങ്ങുകയും ചെയ്യും. ഇതിനിടെ കാർഷികവിളകൾ പലതും അകത്താക്കും.
മൂടക്കൊല്ലി മുക്തിമല അഭിലാഷിനെ ആക്രമിക്കുകയും ബിനുവിന്റെ ഓട്ടോറിക്ഷ തകർക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. തുടർന്ന് പ്രദേശത്ത് ജനരോഷം ശക്തമായിരുന്നു.
തുടർന്ന് കുങ്കിയാനകളെ എത്തിക്കാനും കാട്ടാനകളെ തുരത്താനും തീരുമാനമായത്. മൂടക്കൊല്ലി മുതൽ കൂടല്ലൂർ വരെ 2.8 കിലോമീറ്റർ ദൂരത്തിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും മൂടക്കൊല്ലി മുതൽ ബത്തേരി വരെ 10 കിലോമീറ്റർ ദൂരത്തിലുള്ള റെയിൽപാള വേലി അറ്റകുറ്റപ്പണികൾ തീർക്കുകയും ചെയ്താൽ മാത്രമേ പ്രദേശത്തെ കാട്ടാന പ്രശ്നത്തിൽ ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]