
അമ്പലവയൽ ∙ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധ്യാപകനെ മാറ്റി. ഡോ.
അരുൾ അരശനെ സ്ഥലം മാറ്റി ഇന്നലെ വൈകിട്ടാണ് കാർഷിക സർവകലാശാല ഉത്തരവിറക്കിയത്. മലയാള മനോരമയുടെ വാർത്തയെ തുടർന്നാണ് നടപടി.
ഡോ. അരുൾ അരശനെ തൃശൂർ മണ്ണുത്തിയിലെ സർവകലാശാലയുടെ കമ്യൂണിക്കേഷൻ സെന്ററിലേക്കാണ് സ്ഥലം മാറ്റിയത്.
മോശമായി പെരുമാറിയെന്ന ആഭ്യന്തര പരാതി പരിഹാര സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റുന്നതെന്ന് സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതി ഇയാൾ കുറ്റക്കാരനാണെന്ന് 4 മാസം മുൻപ് റിപ്പോർട്ട് സമർപ്പിച്ചിട്ടും സർവകലാശാല നടപടി എടുക്കാതെ സംരക്ഷിച്ച് പോരുകയായിരുന്നു.
ഉപരോധവുമായി യൂത്ത് കോൺഗ്രസ്
നാല് മാസം മുൻപ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡോ.
അരുൾ അരശനെതിരെ നടപടിയെടുക്കാത്തതിൽ ഉപരോധവുമായി യൂത്ത് കോൺഗ്രസ്. ഇന്നലെ മൂന്നോടെ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.
വി.പി.രാജനെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. നടപടിയെടുക്കുമെന്ന റജിസ്ട്രാർ അറിയിച്ചെന്ന് മേധാവി പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്ന് പിന്മാറിയില്ല.
വാർത്തകൾ പുറത്ത് വന്നിട്ടും കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തുകയും വിദ്യാർഥികളുടെ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇയാളെ മാറ്റി നിർത്തുകയും പുറത്താക്കുകയും വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഏറെനേരം മുദ്രവാക്യം വിളികളുമായി ഉപരോധം തുടർന്നതോടെ അമ്പലവയൽ പൊലീസും സ്ഥലത്തെത്തി. ഡോ.
അരുൾ അരശിനെതിരെ നടപടിയെടുക്കാതെ പിന്മാറില്ലെന്ന് സമരക്കാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയുമായി സംസാരിക്കുകയും കാർഷിക സർവകലാശാലയിലെ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരോട് ഫോണിൽ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തതിന് പിന്നാലെ മേധാവി ഡോ. അരുൾ അരശന് സംഭവത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകി.
യൂത്ത് കോൺഗ്രസിന് സ്ഥാപന മേധാവി ഇയാളെ 10 ദിവസത്തേക്ക് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയില്ലെന്നും നിർബന്ധിത അവധിയിൽ പ്രവേശിക്കാനും ഈ ദിവസങ്ങൾക്കുള്ളിൽ അന്വേഷണം നടത്തി ഉചിതമായി നടപടി സ്വീകരിക്കുമെന്നും രേഖാമൂലം എഴുതി നൽകി.
കാരണം കാണിക്കൽ നോട്ടിസ് കൈപ്പറ്റിയിട്ടും ഡോ. അരുൾ അരശ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ തുടർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി ഡോ.
അരുൾ അരശിന്റെ റൂമിലെക്കെത്തിയെങ്കിലും പ്രവർത്തകരെ പൊലീസ് തടഞ്ഞു. പിന്നീട് ഇയാളെ പൊലീസ് ഇടപ്പെട്ട് ഒാഫിസിൽ നിന്ന് പുറത്തിറക്കി പറഞ്ഞയച്ചു. അതുവരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് സ്ഥലത്തുണ്ടായിരുന്നു.ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, ലയണൽ മാത്യു, അസിസ് വാളാട്.
സിറിൽ ജോസ്, മുതലിബ് പഞ്ചാര, ജിനു കോളിയാടി, അനീഷ് റാട്ടക്കുണ്ട്, അബ്ദുൽ മനാഫ്, രാഹുൽ ആലിങ്ങൾ ,സുഹൈൽ കമ്പളക്കാട്,ശ്രീലാൽ തൊവരിമല,ആഷിഖ് മൻസൂർ, യൂനസ് അലി, അസ്വിൻ ചുള്ളിയോട് എന്നിവർ നേതൃത്വം നൽകി.
ഒടുവിൽ സ്ഥലംമാറ്റി രക്ഷിച്ച് സർവകലാശാല
മോശമായി പെരുമാറുകയും വിദ്യാർഥികളുടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായി ഡോ. അരുൾ അരശൻ സമ്മതിച്ചിട്ട് മാസങ്ങളായെങ്കിലും നടപടിയെടുക്കാതെ റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു കാർഷിക സർവകലാശാല. മലയാള മനോരമയിൽ വാർത്ത വരികയും യൂത്ത് കോൺഗ്രസ് പ്രതിഷേധമായി എത്തുകയും കൂടി ചെയ്തതോടെയാണ് ശരവേഗത്തിൽ സ്ഥലമാറ്റ ഉത്തരവ് സർവകലാശാല ഇറക്കിയത്. അടുത്ത ദിവസം തന്നെ ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകി.
. എന്നാൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാകുമോയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]